കടലൂർ അപകടത്തിന് പിന്നാലെ സുരക്ഷാ പരിശോധന ശക്തമാക്കാൻ റെയിൽവേ; സിസിടിവിയും ഇന്റർലോക്കിങും സ്ഥാപിക്കും

കടലൂർ അപകടത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ പരിശോധന ശക്തമാക്കാൻ റെയിൽവേ. എല്ലാ ലെവൽ ക്രോസിലും സിസിടിവികളും ഇന്റർ ലോക്കിങ് സംവിധാനവും സ്ഥാപിക്കും.രാജ്യവ്യാപകമായി 15 ദിവസത്തെ പരിശോധനയ്ക്ക് റെയിൽവേ മന്ത്രി നിർദേശം നൽകി.

കഴിഞ്ഞദിവസം രാവിലെയാണ് കടലൂരിനും അളപാക്കത്തിനുമിടയിലുള്ള സെമ്മൻകുപ്പത്തെ നൂറ്റിഎഴുപതാം നമ്പർ റെയിൽവേ ഗേറ്റിൽ അപകടമുണ്ടായത്. കൃഷ്ണസ്വാമി വിദ്യാനികേതൻ സിബിഎസ്ഇ സ്കൂളിന്റെ ബസ്സാണ് വിഴുപ്പുറം മയിലാടുതുറൈ പാസഞ്ചറിൽ ഇടിച്ചത്. സഹോദരങ്ങൾ അടക്കം അപകടത്തിൽ മൂന്ന് പേർ മരിച്ചു. മൂന്ന് കുട്ടികൾക്കും വാൻ ഡ്രൈവർക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഗേറ്റ് കീപ്പർ നൽകുന്ന നിർദേശമനുസരിച്ച് പ്രവർത്തിക്കുന്ന സിഗ്‍നലിങ് സംവിധാനമാണ് ഇവിടെയുള്ളത്. ബസ് ഡ്രൈവറുടെ ആവശ്യപ്രകാരം ട്രെയിൻ പോകും മുൻപ് ഗേറ്റ് കീപ്പർ ഗേറ്റ് തുറന്ന് നൽകിയെന്നാണ് റെയിൽവേ വിശദീകരണം.

എന്നാൽ താൻ ഇന്ന് ഗേറ്റ് കീപ്പറെ കണ്ടിട്ടില്ലെന്നും ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ബസ് ഡ്രൈവർ മൊഴി നൽകി. ബസ്സിലുണ്ടായിരുന്ന കുട്ടികളും ഇത് ശരിവയ്ക്കുന്നു. അണ്ടർപാസേജിന് തങ്ങൾ അനുമതി നൽകിയിട്ടും കളക്ടർ കാലതാമസം ഉണ്ടാക്കിയെന്ന് റെയിൽവേ ആരോപിക്കുന്നുണ്ട്.

അതേസമയം, തമിഴ് അറിയാത്തവരെ കൂടുതലായി സംസ്ഥാനത്ത് നിയമിക്കുന്നത് ആശയവിനിമയത്തെ ബാധിക്കുന്നുണ്ടെന്നും ഇത് അപകടങ്ങൾ കൂടാൻ കാരണമാകുന്നുവെന്നും ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ ആരോപിച്ചു. സംഭവത്തിൽ റെയിൽവേ ഗേറ്റ് കീപ്പറെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് റെയിൽവേയും സംസ്ഥാന സർക്കാരും അഞ്ച് ലക്ഷം രൂപവീതം നൽകും.

Be the first to comment

Leave a Reply

Your email address will not be published.


*