
തുലാവര്‍ഷ സീസണിലെ ആദ്യ ചുഴലികാറ്റ് ‘ദന’ അറബികടലില്‍ രൂപം കൊള്ളാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നല്‍കി. നിലവില്‍ ലഭിക്കുന്ന സൂചനയനുസരിച്ച് തെക്ക്- കിഴക്ക് അറബികടലില്‍ തെക്കന്‍ കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് ഒക്ടോബര്‍ 10 ന് അതേ സ്ഥാനത്ത് ന്യൂനമര്‍ദം സൃഷ്ടിച്ചേക്കുമെന്നാണ് കണക്കാക്കുന്നത്.
ഏതാണ്ട് മൂന്നു ദിവസത്തോളം അവിടെ തുടരുന്ന ന്യൂനമര്‍ദം , ലക്ഷദ്വീപ് ദിശയിലേക്ക് നീങ്ങി ചുഴലികാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. ഇങ്ങനെ രൂപം കൊള്ളുന്ന ചുഴലികാറ്റിന് ‘ദന’ എന്ന പേരു നിര്‍ദേശിച്ചത് ഖത്തറാണ്.ഇതോടൊപ്പം ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ തമിഴ്‌നാട് തീരത്ത് ഒരു ന്യൂനമര്‍ദം രൂപം കൊള്ളാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നു.
തുലാവര്‍ഷം വൈകും
സംസ്ഥാനത്ത് നിലവില്‍ ലഭിക്കുന്ന മഴ ന്യൂനമര്‍ദം മൂലമാണ്. തുലാവര്‍ഷം എത്താന്‍ ഇനിയും വൈകും. തെക്കു പടിഞ്ഞാറന്‍ കാറ്റ് തിരിഞ്ഞു വീശുന്നതിനെ തുടര്‍ന്നാണ് തുലാവര്‍ഷം എത്തുക. അതിനുള്ള സാധ്യത ഇതു വരെ കണ്ടുതുടങ്ങിയിട്ടില്ല. അതിനാല്‍ തുലാവര്‍ഷം അഥവാ വടക്കു കിഴക്കന്‍ മണ്‍സൂണ്‍ എത്താന്‍ ആറുമുതല്‍ പത്തുദിവസം വരെ എടുക്കുമെന്നാണ് കണക്കുകൂട്ടുന്നതെന്ന് കുമരകം കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ കാര്‍ഷിക കാലാവസ്ഥാ പഠനവിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. കെ. അജിത്ത് പറഞ്ഞു. അറബിക്കടലില്‍ തിരുവനന്തപുരം ഭാഗത്ത് ചക്രവാത ചുഴി രൂപപ്പെട്ടതിനാല്‍ കുറച്ചു ദിവസം മഴയുണ്ടാകുമെങ്കിലും അത് തുലാവര്‍ഷമല്ല. ഇത് ന്യൂനമര്‍ദമായായി രൂപപ്പെട്ട് ശക്തിപ്രാപിച്ചാല്‍ ലക്ഷദ്വീപ് ഭാഗത്തെത്തി ചുഴലിക്കാറ്റാകാനും സാധ്യതയുണ്ടെന്നും ഡോ. അജിത്ത് പറഞ്ഞു.
ചക്രവാത ചുഴി രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ മഴ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇന്നു മുതല്‍ 12 വരെ നാലു ദിവസത്തേക്ക് സംസ്ഥാനത്ത് പലയിടങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്.
Be the first to comment