തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിര്‍ദേശാനുസരണം ലോക്ഭവനെന്ന് പേര് മാറ്റുന്ന കേരള രാജ്ഭവൻ്റെ പ്രധാന ബോര്‍ഡുള്‍പ്പെടെ മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. തിരുവനന്തപുരം ശാസ്തമംഗലം – കവടിയാര്‍ റോഡിലെ രാജ്ഭവൻ്റെ മുന്‍ഗേറ്റിൻ്റെ വശത്തെ ബോര്‍ഡാണ് ഇന്ന് രാവിലെ അധികൃതര്‍ നീക്കിയത്. ലോക്ഭവനെന്ന് പേരുള്ള ബോര്‍ഡ് നാളെ സ്ഥാപിക്കുമെന്ന് രാജ്ഭവന്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ് സുബ്രഹ്‌മണ്യന്‍ പറഞ്ഞു.
ഗവര്‍ണറുടെ ഔദ്യോഗിക പ്രഖ്യാപനം വന്നെങ്കിലും പേര് മാറ്റം സംബന്ധിച്ചു നോട്ടിഫിക്കേഷന്‍ ഇന്നു വൈകിട്ടോടെ പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. നോട്ടിഫിക്കേഷന്‍ പുറത്തിറങ്ങിയ ശേഷം രാജ്ഭവന്‍ എന്ന പേരുള്‍പ്പെട്ടതെല്ലാം മാറ്റാനുള്ള പണികള്‍ ആരംഭിക്കും. ശാസ്തമംഗലം-കവടിയാര്‍ റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ കാണുന്ന രാജ്ഭവന്‍ എന്ന പേര് കാണപ്പെടുന്ന തരത്തില്‍ തയ്യാറാക്കിയ ഉദ്യാനവും ഇനി ലോക്ഭവന്‍ പേര് വരുന്ന രീതിയില്‍ പുനര്‍നിര്‍മിക്കും. സീലുകളും ഔദ്യോഗിക ക്ഷണക്കത്തുകളും ഉള്‍പ്പെടെ മാറ്റുമെന്നും അദ്ദേഹം വിശദീകരിച്ചു
രാഷ്ട്രപതിയുടെ സാന്നിധ്യത്തില്‍ 2024 ല്‍ ചേര്‍ന്ന ഗവര്‍ണര്‍മാരുടെ സമ്മേളനത്തില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറായിരുന്നു രാജ്യത്തെ രാജ്ഭവനുകളുടെ പേര് ലോക്ഭവനാക്കി മാറ്റണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. നവംബര്‍ 25 ന് ഗവര്‍ണറുടെ ഔദ്യോഗിക വസതികള്‍ക്ക് ലോക്ഭവന്‍ എന്ന പേരും ലഫ്റ്റനൻ്റ് ഗവര്‍ണര്‍മാരുടെ ഔദ്യോഗിക വസതികളുടെ പേര് രാജ്‌നിവാസില്‍ നിന്നും ലോക്‌നിവാസായി മാറ്റാനും അഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. രാജ്ഭവനെന്നാല്‍ ഭരണാധികാരിയുടെ വസതി എന്നാണര്‍ഥമെന്നും ലോക്ഭവന്‍ എന്നാല്‍ ജനങ്ങളുടെ വസതി എന്നാണ് അര്‍ഥമെന്നും പേരുമാറ്റത്തെ ന്യായീകരിച്ചു കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

കൊളോണിയല്‍ സ്വാധീനമുള്ള പേരുകളാണെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് പേര് മാറ്റം. രാജ്ഭവനുകളെ കൂടുതല്‍ ജനകീയമാക്കി സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരുടെ സാന്നിധ്യം കൂടുതല്‍ പ്രത്യക്ഷമാക്കുക എന്ന ബിജെപി സര്‍ക്കാരിൻ്റെ തന്ത്രത്തിൻ്റെ ഭാഗമായാണ് പുതിയ ഈ റീബ്രാന്‍ഡിങ്. രാജേന്ദ്ര ആര്‍ലേക്കര്‍ കേരള ഗവര്‍ണറായി എത്തിയ ശേഷം ഇത്തരത്തിലുള്ള ഒട്ടനവധി പരിപാടികള്‍ക്ക് രാജ്ഭവന്‍ വേദിയായിട്ടുണ്ട്. നിലവില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത ഇവിടേക്ക് ചില പ്രത്യേക അവസരങ്ങളില്‍ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കുന്നതും പരിഗണനയിലാണ്.
കേരള വാസ്തു ശില്പ കലയില്‍ നിര്‍മിച്ച കേരള രാജ്ഭവന്‍ ക്യാമ്പസിന് 12 ഹെക്ടര്‍(29.65 ഏക്കര്‍) വിസ്തീര്‍ണ്ണമാണുള്ളത്. പൂന്തോട്ടം, വാട്ടര്‍ ഫൗണ്ടന്‍, പ്രതിമകള്‍, ടെന്നീസ്, ഷട്ടില്‍ കോര്‍ട്ടുകള്‍, കൂടാരങ്ങള്‍, 6000 പുസ്തകങ്ങള്‍ ഉള്‍പ്പെട്ട ലൈബ്രറി എന്നിവയും കേരള രാജ്ഭവന്റെൻ്റെ സവിശേഷതയാണ്. രാജ്ഭവന്‍ പോസ്റ്റ് ഓഫീസും ക്യാമ്പസിനുള്ളിലാണ് പ്രവര്‍ത്തിക്കുന്നത്. തിരു-കൊച്ചി രാജ്യത്തിൻ്റെ ഗസ്റ്റ് ഹൗസായി പ്രവര്‍ത്തിച്ചിരുന്ന രാജ്ഭവന്‍ സ്വാതന്ത്ര്യാനന്തരമാണ് ഗവര്‍ണറുടെ ഔദ്യോഗിക വസതിക്കായി ഉപയോഗിച്ചു തുടങ്ങുന്നത്.



Be the first to comment