കേരളത്തില്‍ അഴിമതിയുടെ കാര്യത്തില്‍ ഇടത്-വലത് മുന്നണികള്‍ ഒറ്റക്കെട്ടാണ് എന്നതിന്റെ തെളിവാണ് ബാറുകളുടെ പ്രവര്‍ത്തന സമയം ഉയര്‍ത്തിയ സര്‍ക്കാര്‍ തീരുമാനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഞങ്ങള്‍ തുറക്കുന്നത് ബാറുകള്‍ അല്ല, സ്‌കൂളുകളാണ് എന്ന് മുദ്രാവാക്യമുയര്‍ത്തി അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ കേരളത്തിലെ ബാറുകളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവ് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനോടൊപ്പം ആണ് ഇപ്പോള്‍ ബാര്‍ സമയം രാത്രി 12 മണി വരെ ആക്കാനുള്ള തീരുമാനവും. മാസം 60 മണിക്കൂര്‍, അതായത് അഞ്ചു പ്രവര്‍ത്തി ദിവസത്തിന് തുല്യമായ വര്‍ധനവാണ് പിണറായി സര്‍ക്കാര്‍ ബാറുകള്‍ക്ക് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി തന്നെ ഫയല്‍ നേരിട്ട് വിളിച്ച് അതിവേഗത്തിലായിരുന്നു നടപടി എന്നാണ് വാര്‍ത്തകള്‍.
സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന ലക്ഷക്കണക്കിന് ഫയലുകള്‍ കെട്ടിക്കിടക്കുമ്പോഴാണ് തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ ബാര്‍ സമയം ഉയര്‍ത്താനുള്ള തീരുമാനം കൈക്കൊണ്ടത്. ഇതിനുപിന്നില്‍ കോടികളുടെ അഴിമതിയാണ് നടന്നിട്ടുള്ളത് – രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ അറിവോടുകൂടിയാണ് പുതിയ ഭേദഗതി എന്ന് എക്‌സൈസ് മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഇടത്-വലത് മുന്നണികളുടെ ഒത്തുകളി രാഷ്ട്രീയമാണ് ഈ തീരുമാനത്തിന് പിന്നിലുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കാലത്ത് ഫണ്ട് സമാഹരണമാണ് ഇവരുടെ ലക്ഷ്യം. ജനങ്ങള്‍ ലഹരി ഉപയോഗിച്ച് നശിച്ചാലും കുഴപ്പമില്ല എന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് അവസാനിപ്പിക്കണം – അദ്ദേഹം പറഞ്ഞു.
അഴിമതിയും കൈക്കൂലിയും മാത്രമല്ല, ജനങ്ങളുടെ സുരക്ഷയെ കൂടി ബാധിക്കുന്നതാണ് പുതിയ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ക്രമസമാധാനനില പാടെ തകര്‍ന്ന കേരളത്തില്‍ ബാര്‍ സമയം അര്‍ധരാത്രിയിലേക്ക് നീട്ടുമ്പോള്‍ ക്രമസമാധാനനില കൂടുതല്‍ വഷളാകും.
ജനങ്ങളുടെ ജീവിതത്തെയും സമാധാനത്തെയും വെല്ലുവിളിക്കുന്നതാണ് പുതിയ തീരുമാനം. സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന ഫയലുകള്‍ക്ക് നല്‍കാത്ത പരിഗണന മുഖ്യമന്ത്രി ബാര്‍ സമയവുമായി ബന്ധപ്പെട്ട ഫയലുകള്‍ക്ക് നല്‍കി എന്ന വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ഇതിന് പിന്നില്‍ നടന്ന ഇടപാടുകളെപ്പറ്റി അന്വേഷണം വേണം – രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവിച്ചു.



Be the first to comment