ശബരിമലയിലെ സ്വർണക്കൊള്ളക്കാരെ സംരക്ഷിക്കാൻ പിണറായി വിജയനെ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. പിണറായി വിജയൻ സർക്കാർ നിയമിച്ച ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും ദേവസ്വം കമ്മീഷണറുമാണ് സ്വർണക്കൊള്ളയ്ക്ക് പിന്നിലെന്ന് തെളിഞ്ഞു കഴിഞ്ഞു. പിണറായിയുടെ അടുപ്പക്കാരെ ഒഴിവാക്കി ഇടനിലക്കാരനായ ഉണ്ണികൃഷ്ണൻ പോറ്റിയിലേക്ക് മാത്രം കേസ് ഒതുക്കാനാണ് ശ്രമമെങ്കിൽ അതനുവദിക്കില്ലെന്നും ശക്തമായ പ്രക്ഷോഭം പിന്നായി സർക്കാർ നേരിടേണ്ടിവരുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പ്രസ്താവിച്ചു.
പ്രളയം, ശബരിമലയിലെ ആചാരലംഘന ശ്രമം, കൊവിഡ് നിയന്ത്രണങ്ങൾ എന്നിവ മൂലം 2018 മുതൽ 2022 വരെ നീണ്ട അഞ്ചു വർഷക്കാലം ശബരിമലയിൽ വ്യാപകമായ കൊള്ളയാണ് നടന്നത്. അക്കാലത്ത് ദേവസ്വം ബോർഡ് പ്രസിഡന്റുമാരായി പ്രവർത്തിച്ച എൽ.പദ്മകുമാറിനും എൻ.വാസുവിനും അയ്യപ്പന്റെ ശ്രീകോവിലിലെ സ്വർണ്ണം കൊള്ളയടിച്ചതിൽ പങ്കുണ്ട്. ഇരുവരേയും പ്രതിചേർത്തെങ്കിലും അറസ്റ്റ് ചെയ്യാൻ ഇതുവരെ അന്വേഷണ സംഘം തയ്യാറായിട്ടില്ല. ഉണ്ണികൃഷ്ണൻ പോറ്റിയെ മാത്രം പിടികൂടി ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ നീക്കം നടക്കുകയാണ്. ബോർഡ് ഉദ്യോഗസ്ഥരേയും അവരെ ഉപയോഗിച്ച് സ്വർണ്ണം കവർന്ന ബോർഡിലെ മേലാളന്മാരെയും എത്രയും വേഗം അറസ്‌റ്റ് ചെയ്യണം. തന്റെ വിശ്വസ്തരിലേക്ക് അന്വേഷണം നീണ്ടാൽ കൂടുതൽ നടുക്കുന്ന വിവരങ്ങൾ പുറത്തുവന്നേക്കാമെന്ന ഭയമാണ് മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമലയിലും ദേവസ്വം ബോർഡിന്റെ മറ്റു ക്ഷേത്രങ്ങളിലും ഇത്രവലിയ കൊള്ള നടന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.



Be the first to comment