ശബരിമലയിൽ നടന്നത് വെറും സ്വർണ്ണക്കൊള്ള മാത്രമല്ല, അത് ആചാരലംഘനവും ഈശ്വരനിന്ദയുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രഭാമണ്ഡലത്തിൽ നിന്നും ശിവ വ്യാളീ രൂപങ്ങളിൽ നിന്നും സ്വർണ്ണം അപഹരിക്കപ്പെട്ടിട്ടുണ്ടെന്ന പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ, തുടക്കം മുതൽ ഞങ്ങൾ ഉയർത്തിയ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ്.
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്നും 4.5 കിലോ സ്വർണ്ണം കൊള്ളയടിക്കപ്പെട്ടതൊരു ഒറ്റപ്പെട്ട സംഭവമോ, മുഖ്യമന്ത്രി അവകാശപ്പെട്ടതു പോലെ വെറുമൊരു ‘വീഴ്ചയോ’ അല്ല. പ്രഭാമണ്ഡലം ശ്രീകോവിലിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. അത് തൊടാനും, സ്വർണ്ണം വേർതിരിച്ചെടുത്ത് പുറത്തേക്ക് കടത്താനും സർക്കാരിലെയും ദേവസ്വം ബോർഡിലെയും ഉന്നതരുടെ ഒത്താശയും സഹായവും കൂടാതെ ഒരിക്കലും സാധിക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
ഇതും, പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോൺഗ്രസിലെയും സിപിഐഎമ്മിലെയും ഉന്നത നേതാക്കളുമായുള്ള അടുത്ത ബന്ധവും വിരൽ ചൂണ്ടുന്നത് പതിറ്റാണ്ടുകളായി ദേവസ്വം ബോർഡുകളെ നിയന്ത്രിച്ച യുഡിഎഫ്-എൽഡിഎഫ് സർക്കാരുകൾക്ക് ഈ കുറ്റകൃത്യങ്ങളിൽ വലിയ രീതിയിലുള്ള പങ്കുണ്ടായിരുന്നു എന്നതിലേക്കാണ്.
പുണ്യക്ഷേത്രങ്ങളെ കൊള്ളയടിക്കാനുള്ള കേന്ദ്രങ്ങളായും, ദേവസ്വം ബോർഡുകളെ അഴിമതിക്കാരായ ദല്ലാൾമാരുടെ താവളമായും മാറ്റിയത് ‘ഇന്ത്യ’ സഖ്യ പങ്കാളികളായ സിപിഎമ്മും കോൺഗ്രസുമാണ്.
കൊള്ളയ്ക്ക് കുടപിടിക്കുന്ന ഇതേ രാഷ്ട്രീയ നേതൃത്വത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥർ അന്വേഷിച്ചാൽ സത്യം ഒരിക്കലും പുറത്തുവരില്ല. അതിന് നിഷ്പക്ഷമായൊരു കേന്ദ്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ അഴിമതിയും കൊള്ളയും കുഴിച്ചുമൂടാൻ ഞങ്ങൾ അനുവദിക്കില്ല. അയ്യപ്പഭക്തർക്ക് നീതി ലഭിക്കുമെന്ന് ഉറപ്പുവരുത്തുക തന്നെ ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.



Be the first to comment