‘വിശ്വാസം സംരക്ഷിക്കണം, ബിജെപിക്ക് മാത്രമേ അതിന് കഴിയൂ’; രാജീവ് ചന്ദ്രശേഖർ

എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച് നാടിനെ നശിപ്പിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വികസിത കേരളം വേണമെന്നും കടത്തിന്റെ കേരളമല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസം സംരക്ഷിക്കണം, അത് ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളൂ. ജമാഅത്തിന്റെ രാഷ്ട്രീയവും എസ്ഡിപിഐയുടെ രാഷ്ട്രീയവും നമുക്ക് വേണ്ട. അവർക്ക് പിന്തുണ കൊടുക്കുന്ന കോൺഗ്രസും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് പ്രധാനമന്ത്രി പങ്കെടുക്കുന്ന ബിജെപി സമ്മേളനത്തിലാണ് രാജീവ് ചന്ദ്രശേഖർ എൽഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമർശിച്ചത്.

മോദിയെ എത്തിക്കുമെന്ന വാഗ്ദാനം പാലിച്ചു. വരുന്നത് നിർണായകമായ തിരഞ്ഞെടുപ്പാണ്.ഭീകരമായ അഴിമതിയാണ് ഇവിടെ നടക്കുന്നത്. ശബരിമല സ്വർണക്കൊള്ള അതിന്റെ ഉദാഹരണമാണ്. സ്വർണം കട്ടവർ എങ്ങനെ സോണിയ ഗാന്ധിയെ കണ്ടുവെന്നും ദല്ലാൾ എങ്ങനെ മുഖ്യമന്ത്രിയെ കണ്ടുവെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. അതേസമയം പ്രധാനമന്ത്രിക്ക് രാജീവ് ചന്ദ്രശേഖർ അയ്യപ്പ വിഗ്രഹം നൽകിയാണ് സ്വീകരിച്ചത്.

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കമിടാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്തെത്തിയത്. തലസ്ഥാനത്തെത്തിയ പ്രധാനമന്ത്രിയെ ഗവർണറും മുഖ്യമന്ത്രിയും ചേർന്നാണ് സ്വീകരിച്ചത്. എസ്എംവി സ്കൂൾ മുതൽ പുത്തരിക്കണ്ടം മൈതാനം വരെ റോഡ് ഷോ നടന്നു. വികസിത കേരളത്തില്‍കൂടി മാത്രമേ വികസിത ഭാരതമെന്ന സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇതിനായി കേന്ദ്രം കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം പൂര്‍ണമായി ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. കേരളത്തിന് ലഭിച്ച മൂന്ന് അമൃത് ഭാരത് അടക്കം നാലു ട്രെയിനുകള്‍ ഫ്ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചു. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. എന്റെ സുഹൃത്തുക്കളേ എന്ന് വിളിച്ചുകൊണ്ടാണ് പ്രധാനമന്ത്രി വേദിയെ അഭിസംബോധന ചെയ്തത്.

Be the first to comment

Leave a Reply

Your email address will not be published.


*