മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതയെ മുഖ്യമന്ത്രി മാറിമാറി താലോലിക്കുന്നു. വർഗീയതയിൽ ഒന്നാം സ്ഥാനത്ത് എത്തണമെന്ന് വാശിയാണ് മുഖ്യമന്ത്രിക്കുള്ളത്. മാറാട് കലാപത്തിന്റെ മുറിവിൽ വീണ്ടും വീണ്ടും മുളക് തേക്കുന്ന ജോലിയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

2016 മുതൽ കേരളത്തിൽ ബിജെപിക്ക് കളം പിടിക്കാൻ അവസരം കൊടുത്ത മുഖ്യമന്ത്രിയാണ് ഇവിടെയുള്ളത്. തൃശൂരിൽ സുരേഷ് ഗോപി വിജയിച്ചത് ഇടതു മുന്നണിയുടെ സഹായത്തോടെയായിരുന്നു. തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ജയിക്കാനുള്ള സാഹചര്യം ഒരുക്കിയത് സിപിഐഎമ്മാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

ബിജെപിയുടെ അജണ്ടക്കനുസരിച്ച് കേരളത്തെ രൂപപ്പെടുത്തുന്ന ചുമതലയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. വർഗീയ വിഭജനം കൊണ്ട് മാത്രമേ 2026 ൽ കേരളത്തിൽ പിടിച്ചുനിൽക്കാൻ കഴിയുവെന്ന് മുഖ്യമന്ത്രി ചിന്തിക്കുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സംസാരിച്ചത് സിഎഎയെ കുറിച്ചായിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം മുഖ്യമന്ത്രി ലൈൻ മാറ്റിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

കോൺഗ്രസിനെ പരാജയപ്പെടുത്താൻ എല്ലാ കാലത്തും സിപിഐഎം ബിജെപിയുടെ പിന്തുണ തേടിയിട്ടുണ്ട്. കൂത്തുപറമ്പിൽ 1976ൽ പിണറായി വിജയൻ ബിജെപിയുടെ പിന്തുണ തേടിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കൽ തന്ത്രമാണ് ഇവിടെ മുഖ്യമന്ത്രി നടത്താൻ ശ്രമിക്കുന്നത്. മതപരമായി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള മോദി തന്ത്രം ഇവിടെ പകർത്തുന്നു. മോദിയും പിണറായിയും തമ്മിൽ ഇക്കാര്യത്തിൽ മത്സരം. മുഖ്യമന്ത്രിക്ക് പറയാൻ കഴിയാത്തത് ബി ജെ പി പറയുമെന്ന് അദേഹം പറഞ്ഞു.

ഉമ്മൻചാണ്ടി അഞ്ചുവർഷം ഭരിച്ചപ്പോൾ ഒരു വർഗീയ സംഘർഷവും ഉണ്ടായിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ജമാഅത്ത ഇസ്ലാമിയുമായി ബന്ധപ്പെട്ട എ കെ ബാലന്റെ വിവാദ പരാമശത്തിൽ ജനം ആര് പറയുന്നത് വിശ്വസിക്കണമെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. വിഷയത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും രണ്ട് നിലപാടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിപിഐഎം നിലപാട് അഖിലേന്ത്യ സെക്രട്ടറി വിശദീകരിക്കേണ്ട സാഹചര്യങ്ങളാണ് കേരളത്തിലെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു.

വി ഡി സതീശൻ സഭാ നേതൃത്വത്തെ കണ്ടതിൽ യാതൊരു തെറ്റുമില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. തനിക്ക് നേരത്തെ ഇക്കാര്യം അറിയാമായിരുന്നുവെന്നും തന്നോട് പറഞ്ഞിരുന്നുവെന്നും അദേഹം പറഞ്ഞു. വിഡി സതീശൻ പോയത് പാർട്ടിയുടെ അറിവോടെയാണെന്ന് അദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫിൽ നിൽക്കുന്ന പാർട്ടിയെക്കുറിച്ച് ഇപ്പോൾ പറയുന്നില്ല. കേരള കോൺഗ്രസ് (എം) യു ഡി എഫിലേക്ക് എന്നതിൽ ചർച്ചകൾ നടന്നിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*