ശബരിമല സ്വർണ്ണ മോഷണത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകി രമേശ് ചെന്നിത്തല. സ്വർണ്ണക്കൊള്ളയിൽ പുരാവസ്തു കള്ളക്കടത്ത് സംഘങ്ങൾക്ക് ബന്ധമെന്ന ആരോപണത്തിനു പിന്നാലെയാണ് ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി രമേശ് ചെന്നിത്തല മൊഴി നൽകിയത്. തനിക്കറിയാവുന്ന വിവരങ്ങൾ പങ്കുവെച്ചെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.
പുരാവസ്തു കള്ളക്കടത്ത് സംഘങ്ങൾക്ക് ശബരിമല സ്വർണ മോഷണവുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സംഘത്തിന് കത്ത് നൽകിയത്. സ്വർണക്കടത്ത് സംബന്ധിച്ച വിവരങ്ങൾ ഒരു വ്യവസായിയാണ് തന്നോട് വ്യക്തമാക്കിയത് എന്നായിരുന്നു രമേശ് ചെന്നിത്തല മുമ്പ് അറിയിച്ചത്. ഇതിന് പിന്നാലെ രമേശ് ചെന്നിത്തലയുടെ മൊഴി രേഖപ്പെടുത്താൻ അന്വേഷണസംഘം തീരുമാനിക്കുകയായിരുന്നു. ഇന്ന് ഈഞ്ചക്കലിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിലെത്തി രമേശ് ചെന്നിത്തല മൊഴി നൽകുകയായിരുന്നു. തന്റെ കയ്യിൽ തെളിവില്ലെന്നും വ്യവസായി തന്നോട് പങ്കുവെച്ച വിവരങ്ങൾ അന്വേഷണ സംഘത്തെ അറിയിച്ചെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ലഭിച്ച വിവരങ്ങൾ അന്വേഷണ സംഘത്തിന് മുന്നിൽ പറഞ്ഞു. നേരത്തെ കത്ത് മുഖേനയും ഇക്കാര്യങ്ങൾ അറിയിച്ചിരുന്നു. തന്നെ ആരാണ് അറിയിച്ചത് എന്നും പറഞ്ഞിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിലും പൗരൻ എന്ന നിലയിലും കിട്ടിയ വിവരങ്ങൾ അടിച്ചമർത്തി വയ്ക്കുന്നത് ശരിയല്ല എന്നതുകൊണ്ടാണ് കാര്യം തുറന്നു പറഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വ്യവസായിയെ കുറിച്ചുള്ള വിവരങ്ങളും രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. അത് സത്യമാണോ അസത്യമാണോ എന്നത് അന്വേഷിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. വ്യവസായിയെയും അന്വേഷണ സംഘം മൊഴി രേഖപ്പെടുത്താൻ വിളിപ്പിച്ചേക്കും.



Be the first to comment