ശബരിമല സ്വർണക്കൊള്ളയിൽ നടന്നിട്ടുള്ള ക്രമക്കേടുകൾ ആരുടെ കാലത്താണെങ്കിലും അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വർണ്ണക്കൊള്ള നടത്തിയ മുഴുവൻ ആളുകളെയും നിയമനത്തിനു മുന്നിൽ കൊണ്ടുവരണം. അതിൽ രാഷ്ട്രീയ ഭേദമില്ല.
യുഡിഎഫ് ഭരണകാലത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ല. വാജി വാഹനം പരസ്യമായാണ് നൽകിയത്. രഹസ്യമായി നടന്ന മോഷണമല്ല. വ്യത്യസ്ത അഭിപ്രായങ്ങൾ പരിശോധിക്കട്ടെ. യഥാർത്ഥ കള്ളന്മാരെ രക്ഷിക്കാനുള്ള ശ്രമമാണ് യുഡിഎഫിനെ പഴിചാരുന്നതിലൂടെ നടക്കുന്നത്. അത് വിലപ്പോവില്ല.
പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം. സ്വകാര്യ ആശുപത്രിയിൽ പോയി മൊഴിയെടുക്കാൻ പോലും തയ്യാറാകാത്തത് ആരാണെന്ന് അറിയാം. തൊണ്ടി എവിടെയെന്ന് വ്യക്തമാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നും ചെന്നിത്തല വ്യക്തമാക്കി.
തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തെറ്റ് തന്നെയാണ്. സ്വർണം എവിടെയാണ് എന്നതാണ് ചോദ്യം. രാഘവനും അജയ് തറയിലും മറുപടി പറയട്ടെ. അതിനെ രാഷ്ട്രീയവത്കരിക്കരുത്. അവർ ചെയ്തത് ഒന്നും രഹസ്യമായിട്ടല്ല. അന്വേഷണത്തിന് തങ്ങളാരും തടസ്സം നിൽക്കുന്നില്ല. സ്വർണ്ണക്കൊള്ള വീണ്ടും ചർച്ച ചെയ്യണം.
കേരള കോൺഗ്രസ് എം – യുഡിഎഫ് മുന്നണി പ്രവേശന ചർച്ച നടത്തിയിട്ടില്ല. ആരെയും അങ്ങോട്ട് ചെന്ന് ക്ഷണിച്ചിട്ടില്ല. കേരള കോൺഗ്രസ് എം ഇല്ലാതെ തന്നെ പാർലമെൻറ് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ നേടി. ആ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും. ഒരു കക്ഷിയുടെ പിന്നാലെയും യുഡിഎഫ് പോയിട്ടില്ല.
ആരുമായും ചർച്ച നടത്തിയിട്ടില്ല. എൽഡിഎഫ് വിട്ടുവരുന്നവരെല്ലാം വർഗ്ഗ വഞ്ചകരും യുഡിഎഫ് കോൺഗ്രസ് വിട്ട് പോകുന്നവർ പുണ്യാളന്മാരും ആകുന്നതും എങ്ങനെ?. കോൺഗ്രസ് വിട്ടുപോയവർക്ക് വലിയ പദവികൾ നൽകിയവരാണ് സിപിഐഎം എന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കേരളാ കോൺഗ്രസ് എം LDF ൽ തുടരട്ടെ എന്ന നിലപാടില്ല. തങ്ങൾക്കിടയിൽ ഒരു ആശയക്കുഴപ്പവും ഇല്ല. തങ്ങൾ ആരുമായും ചർച്ച ചെയ്യാൻ പോയിട്ടില്ല. വരുന്നത് ആരെന്ന് നോക്കി തീരുമാനമെടുക്കും. ഏതെങ്കിലും രാഷ്ട്രീയകക്ഷി യുഡിഎഫിലേക്ക് വരണം എന്ന് പറഞ്ഞാൽ വേണ്ടെന്ന് പറഞ്ഞിട്ടില്ല
എം വി ഗോവിന്ദൻറേത് ഇരട്ടത്താപ്പ്. യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾക്ക് സിപിഐഎമ്മിൽ തുടരാനാകാത്ത സ്ഥിതി. വീടുകളിൽ കയറിയിറങ്ങി ജനങ്ങളോട് മാപ്പ് പറയുകയാണ്. സിപിഐഎമ്മിന്റെ ഗൃഹ സന്ദർശനം പാഴ് വേല. ജനങ്ങളെ പറ്റിക്കാൻ സാധിക്കില്ല. എൽഡിഎഫിന് തുടർഭരണം ഇനിയില്ല. ഗൃഹ സന്ദർശനം രാഷ്ട്രീയ നാടകമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.



Be the first to comment