തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളെ സ്ത്രീലമ്പടന്മാരെന്ന് ആരോപിച്ച് കടന്നാക്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യില്‍ വെച്ചിട്ടാണ് മുഖ്യമന്ത്രി ഈ വീമ്പു പറയുന്നതെന്നും തങ്ങളെ കൊണ്ട് കൂടുതല്‍ പറയിപ്പിക്കരുതെന്നും രമേശ് ചെന്നിത്തല തുറന്നടിച്ചു.
‘അദ്ദേഹത്തിനെതിരെ ഒരു നടി പരാതി കൊടുത്തിട്ട് രണ്ടാഴ്ചയായിട്ടും കൈയില്‍ വെച്ചോണ്ടിരുന്ന മുഖ്യമന്ത്രി ആണ് ഇപ്പോള്‍ ഈ വര്‍ത്തമാനം പറയുന്നത്. കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങിച്ചിരിക്കുന്ന ആളെ പാര്‍ലമെന്റ് സ്ഥാനാര്‍ഥിയാക്കിയ ആളാണ് ഈ വര്‍ത്തമാനം പറയുന്നത്. കേരളത്തില്‍ സ്ത്രീപീഡനം ഉണ്ടാകുമ്പോള്‍ പാര്‍ട്ടി കോടതിയില്‍ വെച്ച് വിചാരണ നടത്തുന്ന മുഖ്യമന്ത്രിയാണ് വലിയ വലിയ വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കുന്നത്. ഞങ്ങള്‍ മാതൃകാപരമായി നടപടി എടുത്ത പാര്‍ട്ടിയാണ്.
സിപിഎം എന്തു നടപടിയെടുത്തു? സ്ത്രീലമ്പടന്മാരെ മുഴുവന്‍ സംരക്ഷിക്കുകയും അവര്‍ക്ക് പദവികള്‍ വാരിക്കോരി കൊടുക്കുകയും ചെയ്ത മുഖ്യമന്ത്രിയാണ് ഇക്കാര്യം പറയുന്നത്. രണ്ടാഴ്ച കാലം നടി ഒരു പരാതി കൊടുത്തിട്ട് കൈയില്‍ വച്ചിരിക്കുകയായിരുന്നു. എന്താ അദ്ദേഹം പൊലീസിന് ഫോര്‍വേര്‍ഡ് ചെയ്യാതിരുന്നത്? കെപിസിസി പ്രസിഡന്റിന് പരാതി ലഭിച്ചപ്പോള്‍ അപ്പോള്‍ തന്നെ ഡിജിപിക്ക് കൈമാറി. അതാണ് ഞങ്ങളും മുഖ്യമന്ത്രിയും തമ്മിലുള്ള വ്യത്യാസം. ഇത്തരം കാര്യങ്ങളൊന്നും കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ ചെലവാകില്ല. ഈ തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം നേരിടുമെന്ന് കണ്ടുകൊണ്ടാണ് അദ്ദേഹം ഇത്തരം കള്ളപ്രചാരണങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നത്. ശബരിമല കൊള്ളയില്‍ ഉന്നതന്മാരെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണ്. യഥാര്‍ഥ വസ്തുതകള്‍ പുറത്തുവരാതിരിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണ്. ഇതെല്ലാം ജനങ്ങള്‍ക്ക് അറിയാം.
ഇതെല്ലാം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. വീമ്പു പറയുന്നതിന് പരിധി ഉണ്ട്. അദ്ദേഹം പറഞ്ഞ വാഗ്ദാനങ്ങള്‍ എവിടെയാണ് പാലിച്ചത്. കേരളത്തില്‍ എന്തുമാറ്റമാണ് ഉണ്ടായത്? നഷ്ടപ്പെട്ടത് പത്തുവര്‍ഷമാണ്. ജനങ്ങള്‍ക്ക് ഒരു പ്രയോജനവും ചെയ്യാത്ത സര്‍ക്കാരാണ് ഇത്. യഥാര്‍ഥ നശീകരണ പ്രവര്‍ത്തനം നടത്തുന്നത് മുഖ്യമന്ത്രിയാണ്. ഇരട്ടത്താപ്പ് ശരിയല്ല. എല്ലാവര്‍ക്കും ഒരുപോലെയാകണം നിയമം’- ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
‘രാഹുലിനെതിരെ രണ്ടാം പരാതി രാഷ്ട്രീയപ്രേരിതമാണോയെന്ന് കോടതി പരിശോധിക്കട്ടെ. സ്ത്രീപീഡനം നടത്തിയവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണ്. ഞങ്ങളുടെ പാര്‍ട്ടിയില്‍ ഇല്ലാത്ത ആളിനെ കുറിച്ച് ഇനിയും എന്താണ് പറയണ്ടേത്? ഇനിയും പരാതി വരാനുണ്ടെന്നു മുഖ്യമന്ത്രി പറയുന്നത് സ്വന്തം പാര്‍ട്ടിക്കാരെ കുറിച്ചാണോ? ഞങ്ങളെ കൊണ്ട് ഒന്നും പറയിക്കരുത്. പാര്‍ട്ടി സെക്രട്ടറിയായപ്പോള്‍ പിണറായി ചെയ്തതടക്കം എന്താണെന്ന് അറിയാം.’- രമേശ് ചെന്നിത്തല പറഞ്ഞു.



Be the first to comment