പറഞ്ഞത് വ്യവസായി അറിയിച്ച കാര്യങ്ങള്‍, ഇതുമായി എനിക്കു ബന്ധമൊന്നുമില്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം:ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രവാസി വ്യവസായി വ്യക്തമായ സൂചനകള്‍ എസ്‌ഐടിക്ക് നല്‍കിയിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എസ്‌ഐടി റിപ്പോര്‍ട്ട് അറിഞ്ഞ ഉടന്‍ തന്നെ അദ്ദേഹവുമായി സംസാരിച്ചിരുന്നു. അദ്ദേഹം പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശരിയായ അന്വേഷണം നടത്തിയാല്‍ യഥാര്‍ത്ഥ വസ്തുകള്‍ പുറത്തു വരുമെന്നാണ് അദ്ദേഹം പറയുന്നത്. വ്യവസായി എന്നോടു പറഞ്ഞകാര്യങ്ങളാണ് അന്വേഷണ സംഘത്തെ അറിയിച്ചത്. അതല്ലാതെ ഇതുമായി എനിക്ക് ബന്ധമൊന്നുമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വ്യവസായി പറഞ്ഞ കാര്യം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതായി തോന്നി. അതാണ് എസ്‌ഐടിയോട് പറഞ്ഞത്. ഇതില്‍ അന്വേഷണം നടത്തേണ്ടതും കണ്ടുപിടിക്കേണ്ടതും അവരാണ്. യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ സംഭവിച്ചത് എന്താണെന്ന് അറിയില്ല. തനിക്ക് ഡി മണിയുമായി ബന്ധമില്ലെന്നും, താന്‍ നല്‍കിയ സൂചനകള്‍ വെച്ച് അന്വേഷിച്ചാല്‍ യഥാര്‍ത്ഥ വസ്തുകള്‍ പുറത്തു വരുമെന്നുമാണ് വിദേശ വ്യവസായി തന്നോട് ആവര്‍ത്തിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി.

കോടതിയില്‍ വേണമെങ്കില്‍ 164 കൊടുക്കാന്‍ തയ്യാറാണെന്ന് വ്യവസായി പറഞ്ഞിട്ടുണ്ട്. ഇങ്ങനെ ഒരു കാര്യം അറിയാമെന്നും, പുറത്തു പറയാന്‍ പേടിയാണെന്നും വ്യവസായി എന്നോടു പറഞ്ഞു. അതനുസരിച്ചാണ് വിവരം എസ്‌ഐടിയെ അറിയിച്ചത്. എസ്‌ഐടി നിര്‍ദേശിച്ചതുപ്രകാരം അവര്‍ക്ക് മുന്നിലെത്തി അറിയാവുന്ന വിവരങ്ങള്‍ അറിയിച്ചു. വിദേശ വ്യവസായിയെയും എസ്‌ഐടി ചോദ്യം ചെയ്തിരുന്നു. താന്‍ പറഞ്ഞ സൂചനകള്‍ കൃത്യമായി അന്വേഷിച്ചുപോയാല്‍ കാണാതായ തൊണ്ടിമുതല്‍ കണ്ടെത്താനാകുമെന്നാണ് വ്യവസായി തന്നോട് ആവര്‍ത്തിച്ച് പറഞ്ഞതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

എന്തായാലും ശബരിമലയില്‍ നിന്നും കവര്‍ന്ന സ്വര്‍ണം എവിടെപ്പോയി എന്ന് രമേശ് ചെന്നിത്തല ചോദിച്ചു. തൊണ്ടി മുതല്‍ എവിടെപ്പോയി ?. ഗോവര്‍ധന്റെ കയ്യില്‍ നിന്നും പിടിച്ചെടുത്ത 300 ഗ്രാം അല്ലല്ലോ കാണാതായത്. അതു കണ്ടുപിടിക്കേണ്ടതല്ലേ?. എസ്‌ഐടി സംശയനിഴലിലാണെന്നൊന്നും പറയുന്നില്ല. എന്നാല്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി മുഖ്യമന്ത്രിയുടെ ഓഫീസ് എസ്‌ഐടിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട്. പൊലീസ് അസോസിയേഷനിലെ സിപിഎമ്മുമായി ബന്ധമുള്ള രണ്ടുപേരെ എസ്‌ഐടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതൊക്കെ സംശയാസ്പദമായ കാര്യങ്ങളാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*