വേണുവിന്റെ കുടുംബത്തിന് രമേശ് ചെന്നിത്തലയുടെ കൈത്താങ്ങ്, ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും

മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ മരിച്ച വേണുവിന്റെ കുടുംബത്തിന് കൈത്താങ്ങുമായി കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. വേണുവിന്റെ ഭാര്യ സിന്ധുവിനും മകൾക്കും പത്ത് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകാനാണ് തീരുമാനം. ഈ ഇൻഷുറൻസിന്റെ പ്രീമിയം തുക രമേശ് ചെന്നിത്തല അടയ്ക്കും.

വേണുവിന്റെ അവസ്ഥ അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടാകരുതെന്നും അതിനായാണ് ഇൻഷുറൻസ് പരിരക്ഷ പ്രഖ്യാപിച്ചതെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം വേണുവിന്റെ കുടുംബത്തെ സന്ദർശിച്ച ചെന്നിത്തല സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.

സർക്കാർ മെഡിക്കൽ കോളേജുകളുടെ അവസ്ഥ പരിതാപകരമാണെന്നും ആരോഗ്യ മന്ത്രി ആസ്ഥാനത്ത് തുടരാൻ യോഗ്യയല്ലെന്നും അദ്ദേഹം പറഞ്ഞു. വേണുവിന്റെ മരണത്തിൽ സർക്കാർ അന്വേഷണം നടത്തണം. കുടുംബത്തെ സർക്കാർ ഏറ്റെടുക്കണം. ഇത് മെഡിക്കൽ കോളേജ് നടത്തിയ കൊലപാതകമാണ്. ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. ഇതാണോ നമ്പർ വൺ കേരളമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച രാത്രി 8.15ഓടെയാണ് കൊല്ലം പന്മന സ്വദേശിയായ വേണു(48) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ദുരനുഭവം ചൂണ്ടിക്കാട്ടി വേണു സുഹൃത്തിന് അയച്ച ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. അടിയന്തരമായി ആൻജിയോഗ്രാം ചെയ്യണമെന്ന ജില്ലാ ആശുപത്രിയിൽ നിന്നുള്ള നിർദേശത്തെ തുടർന്ന് നവംബർ ഒന്നിനായിരുന്നു വേണു മെഡിക്കൽ കോളേജിൽ എത്തിയത്. എന്നാൽ ആരും തിരിഞ്ഞുനോക്കിയില്ലെന്ന് ശബ്ദസന്ദേശത്തിൽ ആരോപിച്ചിരുന്നു. പിന്നാലെയായിരുന്നു അദ്ദേഹത്തിന്‍റെ മരണം.

Be the first to comment

Leave a Reply

Your email address will not be published.


*