കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണത്തിന് പിന്നാലെ പുറത്തുവന്ന ശബ്ദരേഖയിൽ പ്രതികരിച്ച് ജൂറി അംഗമായ നേമം പുഷ്പരാജ്. വിനയനുമായുള്ള ശബ്ദരേഖയിലെ ശബ്ദം തന്റേത് തന്നെയെന്ന് നേമം പുഷ്പരാജ് പറഞ്ഞു. ഫിലിം അവാർഡ് നിർണയത്തിൽ ബാഹ്യമായ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും രഞ്ജിത്ത് ഇടപെട്ടിരുന്നുവെന്നും നേമം പുഷ്പരാജ് വെളിപ്പെടുത്തി. പക്ഷേ അവാർഡിൽ അത് പ്രതിഫലിച്ചിട്ടില്ല. ജൂറിയുടെ തീരുമാനം മാത്രമാണ് നടപ്പിലായത്. ജൂറിയുടെ നിശ്ചയദാർഢ്യം കൊണ്ടാണ് ബാഹ്യ ഇടപെടൽ ഫലം കാണാതെ പോയതെന്നും അവാർഡ് പുനഃപരിശോധിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
അവാർഡ് നിർണയത്തിന് പിന്നാലെ അവാർഡിന് പരിഗണിക്കപ്പെടാത്തതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ആദ്യ വിവാദം മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ടാണ്. ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച ദേവനന്ദയ്ക്ക് പുരസ്കാരം ലഭിക്കാത്തിലായിരുന്നു അത്. പിന്നീടാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന വിനയൻ ചിത്രത്തെ അവാർഡ് നിർണയത്തിൽ നിന്ന് ഒഴിവാക്കാൻ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടുവെന്ന ആരോപണം ഉയർന്നത്. ഇതിന് പിന്നാലെയാണ് നേമം പുഷ്പരാജിന്റേതെന്ന പേരിലുള്ള ശബ്ദരേഖ പുറത്തുവന്നത്. നേമം പുഷ്പരാജ് പ്രതികരിച്ചതോടെ ഈ ശബ്ദരേഖയിലാണ് ഇപ്പോൾ വ്യക്തത വന്നിരിക്കുന്നത്.



Be the first to comment