വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ്: വേടൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

ബലാത്സംഗ കേസിൽ പ്രതിയായ റാപ്പർ വേടൻ ഇന്ന് അന്വേഷണം ഉദ്യോഗസ്ഥന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും. കേസിൽ വേടന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അതുകൊണ്ടുതന്നെ അറസ്റ്റ് ചെയ്താലും ജാമ്യത്തിൽ വിടും.

2021 മുതൽ 2023 വരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലാണ് വേടനെതിരെ തൃക്കാക്കര പോലീസ് ബലാത്സംഗത്തിന് കേസെടുത്തത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് ലൈംഗിക അതിക്രമത്തിനും ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസുകൾക്ക് പിന്നിൽ ഗൂഢാലോചനകൾ നടന്നിട്ടുണ്ടെന്നായിരുന്നു വേടൻ കോടതിയിൽ വ്യക്തമാക്കിയത്.

താൻ എങ്ങും പോയിട്ടില്ലെന്ന് റാപ്പർ വേടൻ പ്രതികരിച്ചിരുന്നു. ഒരു കലാകാരൻ ഒരിക്കലും എവിടെയും പോകില്ല. തൻ്റെ ഒറ്റ ജീവിതം ജനങ്ങളുടെ മുന്നിൽ ജീവിച്ച് തീർക്കാനാണ് വന്നിരിക്കുന്നതെന്നും വേടൻ പറഞ്ഞിരുന്നു. പത്തനംതിട്ട കോന്നിയിലെ പരിപാടിയിലാണ് പ്രതികരണം. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വേടൻ വീണ്ടും റപ്പ് വേദിയിൽ എത്തുന്നത്. ബലാത്സംഗ കേസിന് പിന്നാലെ വേടൻ ഒളിവിൽ എന്നായിരുന്നു പോലീസ് പറഞ്ഞത്‌. കേസിൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇരിക്കെയാണ് വേടൻ്റെ പ്രതികരണം.

Be the first to comment

Leave a Reply

Your email address will not be published.


*