‘അത് അപമാനിക്കല്‍ തന്നെ’; മന്ത്രി സജി ചെറിയാനെതിരെ വേടന്‍

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തിനെതിരെ റാപ്പര്‍ വേടന്‍. വേടനെപ്പോലും എന്നു മന്ത്രി പറഞ്ഞത് അപമാനിക്കല്‍ തന്നെയാണ്. തനിക്ക് അവാര്‍ഡ് ലഭിച്ചത് കലയ്ക്ക് ലഭിച്ച അംഗീകാരമാണ്. അവാര്‍ഡ് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായതുകൊണ്ടല്ലെന്നും റാപ്പര്‍ വേടന്‍ പറഞ്ഞു.

കോഴിക്കോട് ന്യൂ സെന്‍ട്രല്‍ മാര്‍ക്കറ്റ് ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുമ്പോഴായിരുന്നു മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശം. ഈ സര്‍ക്കാരിന്റെ കാലത്ത് ഒരു പരാതിയും ഉയരാത്ത അഞ്ചാമത്തെ സിനിമാ അവാര്‍ഡാണ് പ്രഖ്യാപിച്ചത്. കയ്യടി മാത്രമേയുള്ളൂ. മമ്മൂക്കയ്ക്ക് കൊടുത്തപ്പോള്‍ കയ്യടി. ലോകം കണ്ട ഇതിഹാസ നായകന്‍ മോഹന്‍ലാലിനെ സര്‍ക്കാര്‍ സ്വീകരിച്ചു. അതിനും കയ്യടി. വേടനെപ്പോലും തങ്ങള്‍ സ്വീകരിച്ചു. മന്ത്രി സജി ചെറിയാന്‍ പ്രസം​ഗത്തിൽ പറഞ്ഞു.

പിന്നീട് മാധ്യമങ്ങളെ കണ്ടപ്പോൾ ‘വേടനെപ്പോലും’ എന്ന തന്റെ വാക്കു വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. മലയാള സിനിമയില്‍ ശ്രീകുമാരന്‍ തമ്പിയെപ്പോലെ ഒട്ടേറെ പ്രഗത്ഭരായ ഗാനരചയിതാക്കളുണ്ട്. ആ രംഗത്ത് വേടന്‍ അത്ര പ്രഗത്ഭനല്ല. അപ്പോഴും നല്ല കവിത എഴുതിയ വേടനെ ജൂറി സ്വീകരിക്കുകയാണ് ചെയ്തത്. അത് സ്വീകരിക്കാനുള്ള മനസ്സ് ഉണ്ടെന്നാണ് ഉദ്ദേശിച്ചതെന്നും മന്ത്രി സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

Be the first to comment

Leave a Reply

Your email address will not be published.


*