‘സമൂഹത്തിൽ ഇരട്ടനീതി, എല്ലാവരും ഒരുപോലെയല്ല; ഇനിയും മൂർച്ചയുള്ള പാട്ടുകൾ എഴുതും’; വേടൻ

പാട്ടിനോളം മൂർച്ചയുള്ള വാക്കുകളുമായി പുലിപ്പല്ല് കേസിൽ ജാമ്യം നേടിയതിന് പിന്നാലെ പ്രതികരണവുമായി റാപ്പർ വേടൻ. സമൂഹത്തിൽ ഇരട്ട നീതി എന്നത് തർക്കമില്ല. കേസ് വേദനിപ്പിച്ചോ എന്ന ചോദ്യത്തിന്, നിങ്ങളെ വേദനിപ്പിച്ചെങ്കിൽ എന്നെയും വേദനിപ്പിച്ചെന്നായിരുന്നു വേടന്റെ മറുപടി. വിവേചനമുള്ള സമൂഹമാണ് നമ്മുടേതെന്നും എല്ലാവരും ഒരുപോലെയല്ലെന്നും വേടൻ പ്രതികരിച്ചു.

ഇനിയും മൂർച്ചയുള്ള പാട്ടുകൾ എഴുതുമെന്നും തെറ്റ് തിരുത്താൻ ശ്രമിക്കുമെന്നും വേടൻ വ്യക്തമാക്കി. സമൂഹത്തിന്റെ പിന്തുണയിൽ വേടൻ നന്ദി അറിയിക്കുകയും പറഞ്ഞു. ‘ഞാനൊരു കലാകരന്‍ ആണ്, ഞാന്‍ എന്റെ കല ചെയ്യുന്നു. അത് നിങ്ങള്‍ കേള്‍ക്കുന്നു. അത്രതന്നെ. പാട്ടെഴുതുകയെന്നതാണ് എന്റെ ജോലി. വേടന്‍ പൊതുസ്വത്താണ്. ഒരു കലാകാരന്‍ പൊതുസ്വത്താണ്. ഒരു കലാകാരന്‍ രാഷ്ട്രീയത്തെപ്പറ്റിയും ചുറ്റും നടക്കുന്നതിനെ കുറിച്ചു പ്രതികരിക്കേണ്ടയാളാണ്’ വേടന്‍ പറഞ്ഞു.

പുലിപ്പല്ല് കേസിൽ റാപ്പർ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ജാമ്യം നൽകിയിരുന്നു. നിലവിലെ തെളിവുകൾ അനുസരിച്ച് പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിയിക്കാനായില്ല. റാപ്പർ വേടന്റെ മാലയിലെ പുലിപ്പല്ല് യഥാർത്ഥമാണോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പുലിപ്പല്ല് യഥാർത്ഥമാണോ എന്ന് കണ്ടെത്തേണ്ടത് ശാസ്ത്രീയ പരിശോധനയിലെന്ന് കോടതി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*