ആര്‍ബിഐ റിപ്പോ നിരക്ക് കുറയാൻ സാധ്യത, 25 ബേസിസ് പോയിൻ്റ് കുറയുമെന്ന് പ്രവചനം: യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ റിപ്പോർട്ട്

മുംബൈ: ആര്‍ബിഐ റിപ്പോ നിരക്ക് കുറയ്ക്കാന്‍ സാധ്യതയെന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. അടുത്ത ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന പണനയ യോഗത്തിലാകും തീരുമാനമുണ്ടാവുക. ആര്‍ബിഐയുടെ റിപ്പോ നിരക്ക് 25 ബേസിസ് പോയിൻ്റ് (ബിപിഎസ്) കുറച്ച് അഞ്ച് ശതമാനമാക്കിയേക്കുമെന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.

നിലവിലെ പണപ്പെരുപ്പത്തെക്കുറിച്ചും അടിസ്ഥാന വില നിയന്ത്രണയത്തെക്കുറിച്ചുമുള്ള ആർബിഐയുടെ നിരവധി പരാമർശങ്ങളും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. സ്വര്‍ണത്തിന് 50 ബേസിസ് കുറച്ചാല്‍ പണപ്പെരുപ്പത്തിൻ്റെ ആഘാതം മിതമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

“2026 ഫെബ്രുവരിയിലോ ഏപ്രിലിലോ ആര്‍ബിഐയുടെ റിപ്പോ നിരക്ക് 25 ബേസിസ് പോയിൻ്റായി കുറയ്ക്കാനുള്ള സാധ്യത ഞങ്ങൾ കാണുന്നു. മുൻകാല നയ മാർഗനിർദ്ദേശങ്ങൾ കണക്കിലെടുക്കുമ്പോൾ, ഫെബ്രുവരി 26ലെ മീറ്റിങില്‍ 25ബിപിഎസ് നിരക്ക് 5.0 ശതമാനമായി കുറയ്ക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നിരുന്നാലും അന്തിമ നിരക്ക് കുറയ്ക്കുന്ന കൃത്യമായ സമയം പ്രവചിക്കാൻ പ്രയാസമാണ്” റിപ്പോർട്ട് പറഞ്ഞു.

ഉപഭോക്തൃ വില സൂചിക (സിപിഐ), പലിശ നിരക്ക് എന്നിവയിലാകും പരിഷ്‌കരണങ്ങള്‍ പ്രധാനമായും നടക്കുന്നത്. സാമ്പത്തിക വളർച്ച, കറൻസി ബാങ്കിങ് കാര്യങ്ങള്‍, പണപ്പെരുപ്പം എന്നിവയും മോണിറ്ററി പോളിസി കമ്മിറ്റി വിലയിരുത്തി തീരുമാനമെടുക്കും.

ഇക്കഴിഞ്ഞ ഡിസംബർ മൂന്ന് മുതൽ അഞ്ച് വരെ നടന്ന മോണിറ്ററി പോളിസി കമ്മിറ്റിയിൽ റിപ്പോ നിരക്ക് 25 ബിപിഎസാണ് കുറച്ചത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള റിസര്‍വ് ബാങ്കിൻ്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷമാണ് റിപ്പോ 5.25 ശതമാനത്തിലേക്ക് കുറച്ചത്. പണപ്പെരുപ്പം താഴ്ന്ന നിലയിലെത്തിയതോടെയാണ് ആര്‍ബിഐ പലിശ നിരക്ക് കുറച്ചത്.

നേരത്തെ പണപ്പെരുപ്പം കുറയുന്നത് കണക്കിലെടുത്ത് ജൂണില്‍ എംപിസി വായ്‌പാ നിരക്ക് 6% ല്‍ നിന്ന് 5.5% ആയും കുറച്ചിരുന്നു. റിപ്പോ നിരക്കിന് പുറമേ, എംപിസി സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്‌ഡിഎഫ്) 5% ആയും മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി (എംഎസ്എഫ്) 5.5% ആയും ക്രമീകരിച്ചിരുന്നു.

അതേസമയം ആർ‌ബി‌ഐയുടെ അടുത്ത മോണിറ്ററി പോളിസി കമ്മിറ്റി യോഗം 2026 ഫെബ്രുവരി 4, 5, 6 തീയതികളിൽ നടക്കും. ഈ യോഗത്തിൽ പലിശ നിരക്കുകൾ, പണപ്പെരുപ്പം, സാമ്പത്തിക വളർച്ച എന്നിവ സംബന്ധിച്ച വിലയിരുത്തലുകൾ ഉണ്ടാകും. പണപ്പെരുപ്പം നിയന്ത്രിക്കുക എന്നതാണ് ആർബിഐ പ്രധാനമായും ലക്ഷ്യമിടുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*