ആർസിസി നിയമന ക്രമക്കേട്: പരാതി പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം ആർസിസിയിൽ സ്റ്റാഫ് നഴ്സുമാരുടെ നിയമന ക്രമക്കേടെന്ന പരാതി പരിശോധിക്കുമെന്ന് ആരോ​ഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പരാതിയിൽ അന്വേഷണം നടത്തുമെന്ന് ആർസിസി അറിയിച്ചു. ചീഫ് നഴ്സിംഗ് ഓഫീസർ ശ്രീലേഖ ആർ ചട്ടങ്ങൾ ലംഘിച്ച് അടുത്ത ബന്ധുക്കളെയും അടുപ്പക്കാരെയും നിയമിച്ചു എന്നാണ് ആരോപണം. ചീഫ് നഴ്സിംഗ് ഓഫീസറുടെ സഹോദരിയുടെ മകൾക്കാണ് പട്ടികയിൽ ഒന്നാം റാങ്ക്.

ആർസിസിയിലെ ചീഫ് നഴ്സിംഗ് ഓഫീസർ ശ്രീലേഖ ആറിനെതിരെയാണ് പരാതി. ബന്ധുക്കൾ പങ്കെടുക്കുന്നുണ്ടെങ്കിൽ നിയമന പ്രക്രിയയിൽ നിന്ന് മാറിനിൽക്കണമെന്ന് ചട്ടം ചീഫ് നഴ്സിംഗ് ഓഫീസർ അട്ടിമറിച്ചു. സ്റ്റാഫ് നഴ്സ് നിയമനത്തിന്, എഴുത്തു പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ തയ്യാറാക്കിയതും, ഉദ്യോഗാർത്ഥികൾക്കായി നടന്ന അഭിമുഖ പരീക്ഷയിലും ചീഫ് നഴ്സിംഗ് ഓഫീസർ പങ്കെടുത്തു.

പട്ടികയിൽ വന്ന ആദ്യ പേരുകാരിൽ അധികവും ചീഫ് നഴ്സിംഗ് ഓഫീസറുടെ അടുപ്പക്കാരുമെന്നും ആരോപണം. ചീഫ് നഴ്സിംഗ് ഓഫീസറെ തൽസ്ഥാനത്തുനിന്ന് മാറ്റിനിർത്തി നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് മെഡിക്കൽ കോളേജ് മുൻ വാർഡ് കൗൺസിലർ ശ്രീകാര്യം ശ്രീകുമാർ മുഖ്യമന്ത്രിക്ക് പരാതി നൽകി.

18 പേരുടെ ആദ്യ റാങ്ക് പട്ടികയിൽ നിന്ന് 15 പേരെയാണ് സ്റ്റാഫ് നേഴ്സുമാരായി ആർസിസിയിൽ നിയമിച്ചത്. നിയമനം റദ്ദ് ചെയ്യണമെന്നും പരീക്ഷ വീണ്ടും നടത്തണമെന്നുമാണ് ആവശ്യം. ഉദ്യോഗാർത്ഥികളിൽ ചിലരും മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.ക്രമക്കേടിനൊപ്പം അഴിമതിയും നടന്നുവെന്ന് പരാതിക്കാരനായ ശ്രീകാര്യം ശ്രീകുമാർ  പറഞ്ഞു. പരാതിയിൽ അന്വേഷണം നടത്തുമെന്ന് ആർസിസി അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*