ഉറക്കത്തിനിടെ സ്വപ്നങ്ങൾ കാണുകയെന്നത് സ്വഭാവികമാണ്. പലരും ഉറക്കമെഴുന്നേറ്റ ഉടന്‍ തന്നെ, കണ്ട സ്വപ്നങ്ങളൊക്കെ മറക്കാറുണ്ട്. കാണുന്ന സ്വപ്നങ്ങളെല്ലാം ഓര്‍ത്തു വയ്ക്കുന്നവര്‍ വളരെ കുറച്ചു മാത്രമേ കാണൂ.
എന്നാല്‍ അമിതമായി സ്വപ്നം കാണുന്നത് നമ്മുടെ മാനസികാരോഗ്യത്തിലെ തകരാറുകളെ കുറിച്ച് സൂചന നല്‍കുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അമിതമായ സ്വപ്നം കാണല്‍ ഉറക്കത്തിന്റെ നിലവാരത്തെ ബാധിക്കുകയും പകല്‍സമയത്ത് ക്ഷീണമുണ്ടാക്കുകയും ചെയ്യാം.
അമിതമായി സ്വപ്നം കാണുന്നതിന് പിന്നിലെ കാരണങ്ങൾ
മാനസികസമ്മർദ്ദങ്ങൾ
മാനസികസമ്മർദം അല്ലെങ്കിൽ മാനസിക പരിമുറുക്കങ്ങൾ അമിതമായി നമ്മെ സ്വപ്നങ്ങളിലേക്ക് തള്ളിവിടാം. ശ്വസന വ്യായാമങ്ങളും യോഗയും മെഡിറ്റേഷനുമൊക്കെ ചേയ്ത് സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നത് സ്വപ്നം കാണലിന്റെ തീവ്രത കുറയ്ക്കും.
ജീവിതശൈലി
ജീവിതശൈലിയിലെ മാറ്റങ്ങളും സ്വപ്നം കാണലിന് കാരണമാകാം. പോഷകക്കുറവ്, താളം തെറ്റിയ ഉറക്കശീലങ്ങൾ, അമിതമായ കഫീൻ ഉപയോഗം, ഉറങ്ങുന്നതിന് മുമ്പുള്ള മദ്യപാനം എന്നിവ ഉറക്കം താറുമാറാകാനും അമിതമായി സ്വപ്നം കാണാനുമൊക്കെ കാരണമാകാം. സ്ഥിരമായി വ്യായാമം ശീലമാക്കുന്നത് സന്തുലിതമായ ഭക്ഷണക്രമം പിന്തുടരുന്നതും എന്നും കൃത്യസമയത്ത് ഉറങ്ങുന്നതുമൊക്കെ ഒരു പരിധിവരെ സഹായിക്കും.
ദുരനുഭവങ്ങൾ
ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ള മാനസിക ആഘാതങ്ങളും വൈകാരിക പ്രശ്നങ്ങളുമൊക്കെ ഉറങ്ങാൻ കിടക്കുമ്പോൾ സ്വപ്നത്തിൽ പ്രതിഫലിച്ചേക്കാം. അതുവരെ അടക്കിവച്ചിരുന്ന വികാരവിക്ഷോഭങ്ങളെയെല്ലാം ഉറങ്ങുമ്പോൾ ഉപബോധ മനസ്സ് പുറത്തെടുക്കും. ഇത് നല്ല ഉറക്കം ലഭിക്കാതിരിക്കാൻ കാരണണാകും.
സ്ലീപ് അപ്നിയ, നാർകോലെപ്സി, റെസ്റ്റലസ് ലെഗ് സിൻഡ്രോം തുടങ്ങിയ ഉറക്കത്തകരാറുകളും അമിതമായി സ്വപ്നം കാണാൻ കാരണമായേക്കാം.
ചില മരുന്നുകൾ കഴിക്കുന്നതും ഉറക്കത്തെ സാരമായി ബാധിക്കാറുണ്ട്. വിഷാദത്തിന് കഴിക്കുന്ന ആന്റി ഡിപ്രസന്റുകൾ ഇത്തരത്തിൽ ഉറക്കത്തെ ബാധിക്കാറുണ്ട്.



Be the first to comment