ബ്രഷ് ചെയ്താലും വിട്ടുമാറാത്ത വായ്നാറ്റം, ഇതൊരു ലക്ഷണമാകാം

രാവിലെയും വൈകുന്നേരവും ബ്രഷ് ചെയ്താലും ചിലർക്ക് വായിലെ ദുർ​ഗന്ധം മാറില്ല. വിട്ടുമാറാത്ത ഈ വായ്നാറ്റം ഒരു നാണക്കേട് എന്നതിലുപരി ചില ആരോ​ഗ്യ പ്രശ്നങ്ങളുടെ സൂചനയാകാം. ഏതാണ്ട് 80 ശതമാനം ആളുകളിലും വായ ബ്രഷ് ചെയ്യുന്നതിലൂടെയും ഫ്ലോസ് ചെയ്യുന്നതിലൂടെയും കഴുകുന്നതിലൂടെയും വായ്നാറ്റം മാറാറുണ്ട്. എന്നാല്‍ മറ്റ് ചിലരില്‍ അത് പരിഹരിക്കപ്പെടാതെ നിലനില്‍ക്കുന്നു.

രാവിലെ എഴുന്നേറ്റ ശേഷം ബ്രഷ് ചെയ്യുന്നതു വരെ ചെറിയ രീതിയില്‍ വായ്‌നാറ്റം ഉണ്ടാകാം. കൂടാതെ ഉപവസിക്കുന്ന സമയങ്ങളിലും ചെറിയ തോതില്‍ വായ്‌നാറ്റം വരാം. സള്‍ഫര്‍ അടങ്ങിയ ഭക്ഷണം അതായത്, ഉള്ളി, വെളുത്തുള്ളി, പനീര്‍ പോലുള്ളത് കഴിക്കുമ്പോഴും വായ്നാറ്റം അനുഭവപ്പെടാം.

ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കുമ്പോള്‍ ചിലപ്പോഴൊക്കെ വായ്‌നാറ്റം ഉണ്ടാകാറുണ്ട്. ഇതൊക്കെ ഫിസിയോളജിക്കലാണ്. അതായത് തല്‍ക്കാലികവും ചികിത്സ ആവശ്യവുമില്ലാത്തതുമാണ്.

എന്നാല്‍ പോസ്റ്റ്-നേസല്‍ ഡ്രിപ്പ്, ടോണ്‍സില്‍ സ്‌റ്റോണ്‍സ് അല്ലെങ്കില്‍ സൈനസൈറ്റിസ് എന്നിവ മൂലമുണ്ടാകുന്ന ദുര്‍ഗന്ധം പല്ല് തേക്കുന്നതിലൂടെ ഇല്ലാതാവില്ല. ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് എന്ന രോഗം കുടലിലെ ആസിഡുകളുടെ റിഫ്‌ലക്‌സിന് കാരണമാവുക മാത്രമല്ല, പല്ലുകളുടെ തേയ്മാനത്തിനും വായ്‌നാറ്റത്തിനും കാരണമാകാം. ഡയബറ്റിക് കീറ്റോ ആസിഡോസിസ് എന്ന രോഗമുള്ളവര്‍ക്കും വായനാറ്റം ഉണ്ടാകാം.

മോണരോഗമുള്ളവരിലും വായനാറ്റം പതിവായിരിക്കും. മോണയുടെ അടിഭാഗത്ത് പ്ലാക്കും ടാര്‍ട്ടറും അടിഞ്ഞുകൂടുമ്പോള്‍, ബാക്ടീരിയകള്‍ ദുര്‍ഗന്ധമുള്ള സള്‍ഫര്‍ സംയുക്തങ്ങള്‍ ഉണ്ടാക്കും. ഇത് സാധാരണ പല്ലു വൃത്തിയാക്കുന്നതിനിടെ മാറില്ല, പ്രൊഫഷണല്‍ ക്ലീനിങ് ആവശ്യമായി വരും.

പല്ലുകള്‍ വൃത്തിയാക്കുന്നതിനൊപ്പം നാവും

പല്ലുകള്‍ വൃത്തിയാക്കുമ്പോള്‍ വിട്ടു പോകുന്ന ഒരു ഭാഗമാണ് നാവ്. ദശലക്ഷക്കണക്കിന് ബാക്ടീരിയകള്‍ നാവിലുണ്ട്. പ്രത്യേകിച്ച് അതിന്റെ പരുക്കന്‍ പിന്‍ഭാഗത്ത്. പല്ല് തേക്കുമ്പോള്‍ നാവും ശരിയായി വൃത്തിയാക്കാതിരുന്നാല്‍ ഇത് ഭക്ഷണാവശിഷ്ടങ്ങള്‍, നിര്‍ജ്ജീവ കോശങ്ങള്‍, ബാക്ടീരിയകള്‍ എന്നിവ അടിഞ്ഞു കൂടി ദുര്‍ഗന്ധം പുറപ്പെടുവിക്കുന്നു.

കൂടാതെ നിര്‍ജ്ജലീകരണം, സമ്മര്‍ദം, ചില മരുന്നുകള്‍, വായിലൂടെ ശ്വാസമെടുക്കല്‍ എന്നിവ കാരണം ഉമിനീര്‍ ഉത്പാദനം കുറയുന്നത് വായ വരണ്ടതാക്കാം. ഇത് ദുര്‍ഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകള്‍ പെരുകാന്‍ കാരണമാകും.

വായനാറ്റം ഒഴിവാക്കാന്‍ ചില ടിപ്‌സ്

  • ദന്ത പരിശോധന: കൃത്യമായ ഇടവേളകളില്‍ ദന്തപരിശോധന നടത്തുന്നത് വായിലെ അവസ്ഥ വിലയിരുത്താന്‍ സഹായിക്കും.
  • പ്രൊഫഷണല്‍ ക്ലീനിങ്: ബ്രഷ് ഉപയോഗിച്ച് എത്താന്‍ കഴിയാത്ത ആഴത്തിലുള്ള വിടവുകള്‍ ദന്ത ഉപകരണങ്ങള്‍ ഉപയോഗിച്ച് മാത്രമേ വൃത്തിയാക്കാന്‍ കഴിയൂ, അതിനാല്‍ ഓരോ ആറ് മാസത്തിലും ക്ലീനിങ് ചെയ്യണം.
  • വെള്ളം: ധാരാളം വെള്ളം കുടിക്കുന്നത് പല്ലുകള്‍ക്കിടയില്‍ കുടുങ്ങിയ ഭക്ഷണാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയും ഉമിനീര്‍ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
  • പ്രോസസ്ഡ് ഭക്ഷണങ്ങള്‍: സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കുറയ്ക്കുകയും പച്ചക്കറികള്‍ കഴിക്കുകയും ദന്ത സംരക്ഷണം മെച്ചപ്പെടുത്തും.

Be the first to comment

Leave a Reply

Your email address will not be published.


*