ഓസ്‌ട്രേലിയയിലെ സോഷ്യൽ മീഡിയ നിരോധനയത്തിനെതിരെ നിയമനടപടിയുമായി റെഡ്ഡിറ്റ്. നിരോധിക്കേണ്ട ആപ്പുകളുടെ പട്ടികയിൽ നിന്ന് റെഡ്ഡിറ്റിനെ ഒഴിവാക്കണമെന്നാണ് കമ്പനി കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രായപരിധി നിശ്ചയിക്കാത്ത പ്ലാറ്റ്‌ഫോമാണിതെന്നും 16 വയസില്‍ താഴെയുള്ളവര്‍ കൂടുതലായി ഉപയോഗിക്കുന്ന നിരവധി ആപ്പുകൾ പട്ടികയിൽ ഉൾപെട്ടിട്ടില്ലെന്നും വാട്‌സാപ്പ് പിന്ററസ്റ്റ്, റോബ്ലോക്‌സ് എന്നിവ ഇപ്പോഴും പട്ടികയിൽ നിന്ന് പുറത്താണെന്നും റെഡ്ഡിറ്റ് ചൂണ്ടിക്കാട്ടി.
ഓണ്‍ലൈന്‍ ചര്‍ച്ചാ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റ് പ്രായപൂര്‍ത്തിയായവരെ ലക്ഷ്യമിട്ടുള്ളതാണെന്നും സോഷ്യല്‍ എന്‍ഗേജ്‌മെന്റും അല്‍ഗൊരിതവും അനുസരിച്ചുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വ്യത്യസ്തമായാണ് ആപ്പ് പ്രവർത്തിക്കുന്നതെന്നും കമ്പനി പറയുന്നു. ഓസ്‌ട്രേലിയൻ സർക്കാരിന്റെ നിയമം കോടതി പുനഃപരിശോധിക്കണമെന്നും , ഏതൊക്കെ പ്ലാറ്റ്‌ഫോമുകളാണ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ടതെന്നതില്‍ സര്‍ക്കാരിന് കൃത്യമായ ധാരണയില്ലെന്നും റെഡ്ഡിറ്റ് പരാതിയിൽ പറയുന്നു.
എന്നാൽ തയ്യാറാക്കിയ പട്ടിക പരിഷ്കരിക്കുമെന്നും, ഇപ്പോൾ പുറത്തിറക്കിയ പട്ടിക അന്തിമമല്ലെന്നുമാണ് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം. സോഷ്യൽ മീഡിയ നിരോധനത്തിൽ ഉറച്ച് നിൽക്കുന്നതായും കുട്ടികളുടെയും രക്ഷിതാക്കളുടെയും ഉന്നമനത്തിനായാണ് സർക്കാർ നിലകൊള്ളുന്നതെന്നും ആപ്പുകൾക്ക് വേണ്ടി അല്ലെന്നുമാണ് ഓസ്‌ട്രേലിയൻ ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്.
16 വയസ്സിന് താഴെയുള്ള കുട്ടികൾക്കിടയിൽ ഓൺലൈൻ സുരക്ഷ ഉറപ്പാകുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് സമൂഹമാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചത്. സർക്കാർ നിയമപ്രകാരമുള്ള പ്രായം പൂർത്തിയായാൽ മാത്രമേ കുട്ടികൾക്ക് അക്കൗണ്ടുകൾ തുടങ്ങാൻ സാധിക്കു. കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗം കുറയ്ക്കുന്നതിനായി നിരോധന നിയമം കൊണ്ടുവരുന്ന ആദ്യത്തെ രാജ്യമാണ് ഓസ്‌ട്രേലിയ.



Be the first to comment