
ഇമ്രാന്‍ ഖാന്റെ മോചനം ആവശ്യപ്പെട്ട് തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവില്‍. റാവല്‍പിണ്ടിയിലെ പാകിസ്താന്‍ ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് പിടിഐ പ്രതിഷേധം നടത്തി. പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്താനിലെ 9 ഭീകരവാദ കേന്ദ്രങ്ങള്‍ ലക്ഷ്യംവച്ച് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ തിരിച്ചടിച്ചതിനെ പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഇമ്രാന്‍ ഖാന്റെ മോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റുകള്‍ വ്യാപകമായിരുന്നു. ഇന്ത്യയുടെ ശക്തമായ തിരിച്ചടി മാത്രമല്ല ബലൂച് ലിബറേഷന്‍ ആര്‍മി ഉള്‍പ്പെടെ നടത്തുന്ന ആഭ്യന്തര കലഹങ്ങളും സംഘര്‍ഷങ്ങളും പാകിസ്താനെ വലക്കുകയാണ്. അതിനിടെയാണ് ഇമ്രാന്‍ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധങ്ങള്‍ നടക്കുന്നത്.
ഇപ്പോഴത്തെ അവസ്ഥയില്‍ പാകിസ്താനെ രക്ഷിക്കാന്‍ കഴിയുന്ന ഏക നേതാവ് ഇമ്രാന്‍ ഖാന്‍ മാത്രമാണെന്നാണ് ഇമ്രാന്‍ അനുകൂലികളുടെ അവകാശവാദം. അഴിമതിക്കേസില്‍ 14 വര്‍ഷത്തെ തടവുശിക്ഷയാണ് ഇമ്രാന്‍ ഖാന് വിധിച്ചിരുന്നത്. ഈ ശിക്ഷ അനുഭവിച്ച് വരികയാണ് ഇമ്രാന്‍. അഴിമതി, ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തല്‍ തുടങ്ങിയ 100 കേസുകളിലാണ് ഇമ്രാന്‍ ശിക്ഷ അനുഭവിക്കുന്നത്.
പ്രതിസന്ധി ഘട്ടത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ഇമ്രാനോട് സര്‍ക്കാര്‍ ഉപദേശമെങ്കിലും തേടണമെന്ന് സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ ആവശ്യപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധിയും ഇന്ത്യയുടെ ശക്തമായ ആക്രമണങ്ങളും ആഭ്യന്തര കലഹങ്ങളും ജലപ്രതിസന്ധിയും അന്താരാഷ്ട്ര രംഗത്ത് നിന്നുള്ള തിരിച്ചടിയും പാകിസ്താന്‍ സര്‍ക്കാരിന് മുന്നില്‍ സമാനതകളില്ലാത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
Be the first to comment