മോചനമില്ലാതെ അബ്ദുറഹീം; കേസ് കോടതി വീണ്ടും മാറ്റിവെച്ചു

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി. റിയാദിലെ കോടതിയാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. 12-ആമത്തെ തവണയാണ് കോടതി കേസ് നീട്ടിവെക്കുന്നത്. ഓൺലൈനായിരുന്നു കേസ് പരി​ഗണിച്ചത്. അബ്ദുറഹീമും അഭിഭാഷകരും ഓൺലൈൻ വഴി കോടതിയിൽ ഹാജരായിരുന്നു.

വധശിക്ഷ കോടതി നേരത്തെ റദ്ദാക്കിയെങ്കിലും മോചന ഉത്തരവ് വൈകുകയാണ്. കേസ് ഫയലിന്റെ ഹാർഡ് കോപ്പി ഗവർണറേറ്റിൽ നിന്നും കോടതിയിൽ എത്താൻ വൈകിയതാണ് മോചനം നീണ്ടു പോകാൻ കാരണമെന്ന് റിയാദിലെ നിയമ സഹായ സമിതി നേരത്തെ അറിയിച്ചിരുന്നു. ഹാർഡ് കോപ്പി കോടതിയിലേക്ക് അയച്ചു എന്ന് ഉറപ്പ് ലഭിച്ച പശ്ചാത്തലത്തിൽ ഇന്നത്തെ സിറ്റിംഗ് നിർണായകമായാണ് വിലയിരുത്തിയത്.

സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദുറഹീമിന്റെ വധശിക്ഷ കഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടിന് കോടതി റദ്ദാക്കിയിരുന്നു. 34 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നൽകിയതോടെ കഴിഞ്ഞ ജൂലായ് രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. തടവ് അടക്കമുള്ള ശിക്ഷകളിലും ഇളവ് ലഭിച്ചാൽ മാത്രമേ റഹീം ജയിൽ മോചിതനാകൂ. സൗദി ബാലൻ അനസ് കൊല്ലപ്പെട്ട കേസിൽ 18 വർഷമായി ജയിലിൽ കഴിയുകയാണ് അബ്ദുൽ റഹീം.

2006 ഡിസംബർ 24നാണ് അബ്ദുറഹീമിന്റെ കൂടെ ജി.എം.സി വാനിൽ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്. ഷോപ്പിംഗിനായി പുറത്തു പോകുമ്പോൾ ട്രാഫിക് സിഗ്നൽ കട്ട് ചെയ്യാൻ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാൻ ശ്രമിച്ചപ്പോൾ അബദ്ധത്തിൽ കൈ കഴുത്തിലെ ഉപകരണത്തിൽ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*