നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് രണ്ട് മില്ലുകളുമായി കരാർ ഒപ്പിട്ടു. ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിൽ നിന്ന് നെല്ല് സംഭരിച്ച് തുടങ്ങും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്തിയിട്ടും മില്ലുടമകൾ സഹകരിക്കാത്ത സാഹചര്യമുണ്ടായിരുന്നു. ഇപ്പോൾ ഭക്ഷ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് രണ്ട് മില്ലുകളുമായി ധാരണയിലെത്തി. തൃശൂരിൽ നിന്നും ആലപ്പുഴയിൽ നിന്നും ഇന്ന് തന്നെ നെല്ല് സംഭരിച്ചു തുടങ്ങും.
നേരത്തെ മില്ലുടമകൾ മുന്നോട്ടുവെച്ച രണ്ട് ആവശ്യങ്ങളിൽ ഒരു ആവശ്യം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി അംഗീകരിച്ചിരുന്നു. 100 ക്വിൻ്റൽ നെൽ സംഭരിക്കുമ്പോൾ 66.5 ക്വിൻ്റൽ അരിയാക്കി നൽകിയാൽ മതിയെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ കുടിശ്ശിക ഇതുവരെ അനുവദിച്ചിരുന്നില്ല. കുടിശ്ശികത്തുക കൊടുക്കുമെന്നാണ് ഉറപ്പ് നൽകിയതിനെ തുടർന്നാണ് രണ്ട് മില്ലുകൾ ഇപ്പോൾ സർക്കാരുമായി ധാരണയിലെത്തിയത്. അതേസമയം പാലക്കാട് അടക്കമുള്ള ജില്ലകൾ കടുത്ത പ്രതിസന്ധിയിലാണ്.
നെല്ല് സംസ്ക്കരണ മില്ലുടമകൾക്ക് 2022-23 സംഭരണ വർഷം ഔട്ട് ടേൺ റേഷ്യോയുമായി ബന്ധപ്പെട്ട് നൽകാനുള്ള നഷ്ടപരിഹാര തുകയായ 63.37 കോടി രൂപ അനുവദിക്കുന്ന കാര്യം മന്ത്രിസഭ പരിഗണിക്കുമെന്ന് മില്ലുടമകളുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. നെല്ല് കടത്തുന്നതുമായി ബന്ധപ്പെട്ട ട്രാൻസ്പോർട്ടേഷൻ ചാർജ് അനുവദിച്ചു നൽകാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിടുണ്ട്.



Be the first to comment