നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് മധ്യപ്രദേശില്‍ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം. തിരുവനന്തപുരം സ്വദേശി ഫാദര്‍ ഗോഡ്വിനാണ് കോടതി ഇടപെടലില്‍ ആശ്വാസം ലഭിച്ചത്. രത്‌ലം ജില്ലാ കോടതിയാണ് ഗോഡ്വിന് ജാമ്യം അനുവദിച്ചത്.
ഒക്ടോബര്‍ 25നാണ് തിരുവനന്തപുരം സ്വദേശി ഗോഡ്വിനെ മധ്യപ്രദേശിലെ ജാംബുവയില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്. സിഎസ്ഐ ദക്ഷിണ കേരള മഹായിടവക ബോര്‍ഡ് ഓഫ് മിഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനിടെയായിരുന്നു പോലീസ് നടപടി. മതപരിവര്‍ത്തന നിരോധിത നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരമായിരുന്നു സിഎസ്ഐ വൈദികനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ജാബുവയില്‍ മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ചില ആളുകള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
അറസ്റ്റിലായി 12 ദിവസത്തിന് ശേഷമാണ് തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ഫാദര്‍ ഗോഡ്വിന് ജാമ്യം ലഭിക്കുന്നത്. മതപരിവര്‍ത്തനം ആരോപിച്ച് സിഎസ്ഐ വൈദികനെ അറസ്റ്റ് ചെയ്തതില്‍ കടുത്ത പ്രതിഷേധവുമായി സിഎസ്ഐ ദക്ഷിണ കേരള മഹായിടവകയുള്‍പ്പെടെ രംഗത്തെത്തിയിരുന്നു. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെങ്കിലും മറ്റ് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് തെളിവുകള്‍ ഹാജരാക്കാന്‍ പോലീസിന് സാധിച്ചിരുന്നില്ല.



Be the first to comment