നടി ആക്രമിക്കപ്പെട്ട കേസിന്റെ കോടതി വിധിയിൽ പ്രതികരിച്ച് തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കർ. കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു എന്നാണ് വിശ്വസിക്കുന്നതെന്ന് രൺജി പണിക്കർ പറഞ്ഞു. വിഷയത്തിൽ മേൽക്കോടതി മറ്റ് നിലപാടുകൾ സ്വീകരിച്ചാൽ അപ്പോൾ അതിനെക്കുറിച്ച് സംസാരിക്കാമെന്നും രൺജി പണിക്കർ മാധ്യമങ്ങളോട് പ്രതികരിച്ചു.
“കോടതി ഉത്തരവ് ഞാൻ വായിച്ചിട്ടില്ല. കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു എന്നാണ് എന്റെ വിശ്വാസം. ദിലീപ് കുറ്റവാളി അല്ല എന്നാണ് കോടതി പറഞ്ഞത്, വിധി എതിരായാൽ ഒരു ഭാഗത്തുള്ളവർക്ക് ആക്ഷേപം ഉണ്ടാകുന്നത് സ്വാഭാവികമാണ്. തനിക്കെതിരെ ഗൂഢാലോചനയുണ്ട് എന്ന് ദിലീപ് പറയുന്നത് നിങ്ങൾ കേട്ടില്ലേ?. ഗൂഢാലോചന തനിക്കെതിരെ നടന്നു എന്ന് ദിലീപും പറയുന്നുണ്ട്.
ഗൂഢാലോചന വ്യക്തമാക്കേണ്ടത് അവരാണ്, ഞാനല്ല. ഗൂഢാലോചന തെളിയിക്കപ്പെട്ടില്ല എന്നാണ് കോടതി പറയുന്നത്. അതിലും വലിയ വിവരങ്ങൾ എനിക്ക് കിട്ടിയിട്ടില്ല. ഞാൻ ഈ കേസിൽ കോടതിയുടെ നിലപാടാണ് ശരി എന്ന് വിശ്വസിക്കുന്നയാളാണ്. ഇനി മേൽക്കോടതി ഇത് സംബന്ധിച്ച് വേറെയെന്തെങ്കിലും ഒരു നിലപാട് സ്വീകരിക്കുകയാണെങ്കിൽ അപ്പോൾ അതിനെക്കുറിച്ച് സംസാരിക്കാം.
അല്ലാതെ ഞാനിത് മുഴുവൻ ഇഴകീറി പരിശോധിച്ചയാളല്ല. അതുകൊണ്ട് കോടതി പറയുന്നതിനോടാണ് എനിക്ക് വിശ്വാസ്യത. ദിലീപ് വേട്ടയാടപ്പെട്ടു എന്നാണ് അയാളുടെ വികാരം. ഞാനിതിൽ കാഴ്ചക്കാരൻ മാത്രമാണ്, ഏതെങ്കിലും പക്ഷത്തുള്ള ആളല്ല. ദിലീപ് കുറ്റവാളിയല്ല എന്ന് കോടതി പറയുമ്പോൾ, അയാൾ കുറ്റവാളിയാകാതെ ശിക്ഷിക്കപ്പെട്ടു എന്നൊരു വികാരം അയാളിൽ ഉണ്ടായതിൽ എന്താണ് തെറ്റ് ?.
കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു എന്നാണ് എനിക്ക് തോന്നുന്നത്. ദിലീപിനെതിരെ പൊലീസുദ്യോഗസ്ഥരടക്കം ഗൂഢാലോചന നടത്തി എന്നാണ് അയാൾ പറയുന്നത്. നമ്മുടെ രാജ്യത്ത് പൊലീസുദ്യോഗസ്ഥർ കള്ളത്തെളിവുകൾ ഉണ്ടാക്കിയ കേസുകൾ ഉണ്ടായിട്ടില്ലേ? എനിക്കെതിരെ കള്ളത്തെളിവുകൾ ഉണ്ടാക്കി എന്ന് ഒരാൾ പറയുമ്പോൾ ഞാനല്ലല്ലോ അത് പരിശോധിക്കേണ്ടത്.
മാധ്യമങ്ങൾ സംശയത്തിന്റെ നിഴലിലല്ലേ ഇക്കാര്യത്തിൽ. മാധ്യമങ്ങൾക്ക് അജണ്ട ഇല്ല എന്ന് ആരെങ്കിലും വിശ്വസിക്കുമോ?. മാധ്യമങ്ങൾക്ക് അജണ്ടയുണ്ട്. മാധ്യമങ്ങൾ കെട്ടിപ്പൊക്കുന്ന കാര്യങ്ങൾ സാധൂകരിക്കാൻ അവർ എന്തും ചെയ്യും. ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് പറ്റിയിട്ടില്ല. കുറ്റവാളികളെയാണ് ശിക്ഷിച്ചത്. കുറ്റം ചെയ്യാത്തവരെ തിരിച്ചെടുക്കാൻ സംഘടനകൾക്ക് അവകാശമുണ്ട്.
കോടതി കണ്ടെത്തുന്ന സത്യമാണ് സത്യം. വിധിക്കെതിരെ അപ്പീൽ പോകാൻ സർക്കാരിന് അവകാശമുണ്ട്. ഇതൊരു പൊതുവായ കാര്യമാണ്. അതിൽ കോടതി ഒരു നിലപാടെടുത്തു. കോടതി കണ്ടെത്തുന്ന സത്യമാണ് സത്യം. അതല്ലേ നിലനിൽക്കുന്നത്. അതിനപ്പുറമൊരു സത്യമുണ്ടെങ്കിൽ അത് തെളിയിക്കപ്പെട്ടിട്ടില്ല എന്നല്ലേ”. – രൺജി പണിക്കർ പറഞ്ഞു.



Be the first to comment