‘എല്‍ഡിഎഫ് വിടേണ്ടതായിരുന്നു’; ചില കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ക്ക് അതൃപ്തി? വാര്‍ത്ത തള്ളി ജോസ് കെ മാണി

എല്‍ഡിഎഫ് വിടില്ലെന്ന് ജോസ് കെ മാണി പരസ്യമായി പ്രഖ്യാപിച്ചിട്ടും കേരള കോണ്‍ഗ്രസ് എമ്മില്‍ ഭിന്നഭിപ്രായം. മുന്നണി വിടേണ്ടതായിരുന്നുവെന്ന് പാര്‍ട്ടി കോട്ടയം ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു. അതേസമയം ജോസ് കെ മാണി ഇന്ന് കൊച്ചി രൂപതാ ആസ്ഥാനത്തെത്തി ബിഷപ്പുമായി കൂടിക്കാഴ്ച്ച നടത്തി. പാര്‍ട്ടി യോഗത്തില്‍ വിമര്‍ശനമുണ്ടായി എന്നത് കഥ മാത്രമെന്ന് അദ്ദേഹം പ്രതികരിച്ചു. 

കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണിമാറ്റ ചര്‍ച്ചകള്‍ ചെയര്‍മാന്‍ പരസ്യ നിലപാട് പറഞ്ഞിട്ടും അവസാനിക്കുന്നില്ല. മുന്നണി വിടേണ്ടതായിരുന്നുവെന്ന് പാര്‍ട്ടി കോട്ടയം ജില്ലാ സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു. ജോസ് കെ മാണി പങ്കെടുത്ത യോഗത്തില്‍ ആണ് അഭിപ്രായം ഉയര്‍ന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പലയിടത്തും സിപിഐഎം-സിപിഐ വോട്ടുകള്‍ ലഭിച്ചില്ലെന്നും വിമര്‍ശനം ഉണ്ടായി. വിമര്‍ശനം ഉണ്ടായി എന്നത് കഥകള്‍ മാത്രമെന്ന് വാര്‍ത്ത നിഷേധിച്ചുകൊണ്ട് ജോസ് കെ മാണി പറഞ്ഞു.

അതേസമയം ജോസ് കെ മാണി കൊച്ചി രൂപത ആസ്ഥാനത്ത് എത്തി ബിഷപ്പ് ആന്റണി കാട്ടിപ്പറമ്പിലുമായി കൂടിക്കാഴ്ച നടത്തി. സൗഹൃദ സന്ദര്‍ശനമെന്ന് ബിഷപ്പ് അറിയിച്ചു. സമുദായങ്ങളുടെ ആശങ്കകള്‍ സര്‍ക്കാറിന്റെ മുന്നില്‍ എത്തിക്കുമെന്ന് ജോസ് കെ മണിയും. സഭയും സര്‍ക്കാറുമായുള്ള അകല്‍ച്ചയില്‍ അനുനയ നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം.

Be the first to comment

Leave a Reply

Your email address will not be published.


*