ഭിന്നശേഷി അധ്യാപക സംവരണത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ണായക നീക്കം. എന്‍എസ്എസിന് അനുകൂലമായ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കി ഉത്തരവിറക്കി. നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനിടെ കെ-ടെറ്റ് ഇല്ലാത്തതിനെ തുടര്‍ന്ന് ശമ്പളം ലഭിക്കാത്തവര്‍ക്കും താല്‍ക്കാലികമായി ശമ്പളം അനുവദിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുടെ സമ്മര്‍ദവും നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുന്നില്‍കണ്ടാണ് സര്‍ക്കാരിന്റെ യു-ടേണെന്ന ആരോപണവും ഉയരുന്നുണ്ട്. ഇരുപതിനായിരത്തോളം അധ്യാപകര്‍ക്ക് നിയമനസ്ഥിരത ലഭിക്കാനാണ് വഴി തെളിയുന്നത്. ഭിന്നശേഷിക്കാരെ നിയമിക്കാനുള്ള അധ്യാപക തസ്തികകള്‍ ഒഴിച്ചിട്ടാല്‍ എയ്ഡഡ് സ്‌കൂളുകളിലെ മറ്റ് അധ്യാപകര്‍ക്ക് നിയമനസ്ഥിരത നല്‍കാം എന്നായിരുന്നു എന്‍എസ്എസ് ലഭിച്ച സുപ്രിംകോടതി വിധി. ഇത് എല്ലാ എയ്ഡഡ് സ്‌കൂളുകള്‍ക്കും ബാധകമാക്കും.
സുപ്രീംകോടതിയുടെ അന്തിമ വിധി അനുസരിച്ചാവും നിയമന സ്ഥിരത എന്ന് നിബന്ധന കൂടി ഉത്തരവില്‍ ഉണ്ട്. ഒന്നര വര്‍ഷത്തിലധികമായി ഇതേ ആവശ്യവുമായി ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ അടക്കം പ്രതിഷേധത്തില്‍ ആയിരുന്നു. ഉത്തരവ് നേരത്തെ ആകാമായിരുന്നെന്നാണ് കത്തോലിക്കാ സഭയുടെ പ്രതികരണം.
കെ – ടെറ്റ് ഇല്ലാത്ത ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനും തീരുമാനിച്ചു. നെറ്റ്, സെറ്റ്, എം.ഫില്‍, പി.എച്ച്.ഡി. എന്നിവ ഉള്ള എല്ലാവര്‍ക്കാണ് ശമ്പള സ്‌കെയിലില്‍ താല്‍ക്കാലിക അപ്രൂവല്‍ നല്‍കുന്നത്. ആധാര്‍ UID നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട അധ്യാപകരെ സംരക്ഷിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.



Be the first to comment