കറുത്തപാടുകൾ അകറ്റി ചർമം തിളങ്ങാൻ അരിപ്പൊടി കൊണ്ട് ഫേയ്സ്പാക്ക് പരീക്ഷിച്ചാലോ? അരിപ്പൊടിയിൽ അടങ്ങിയിരിക്കുന്ന അലാന്റോയിൻ, ഫെറൂലിക് ആസിഡ് എന്നിവ സൂര്യതാപത്തിൽ നിന്ന് ചർമത്തെ സംരക്ഷിക്കും. മാത്രമല്ല, ഇവ പ്രകൃതിദത്ത സൺസ്ക്രീൻ ആയും ചർമത്തിൽ പ്രവർത്തിക്കും.
ചർമത്തിലെ അധിക എണ്ണമയം വലിച്ചെടുക്കാനും അരിപ്പൊടി സഹായിക്കും. അതുകൊണ്ട് തന്നെ അരിപ്പൊടി ഫേയ്സ്പാക്ക് എണ്ണമയമുള്ള ചർമക്കാർക്ക് മികച്ചതാണ്. അരിപ്പൊടിയിലെ വിറ്റാമിൻ ബി ചർമത്തിൽ പുതിയ കോശങ്ങളുടെ നിർമിതിക്ക് സഹായിക്കും. ഇത് ചർമത്തിന് തിളക്കവും മിനുസവും നല്‍കുന്നു.
അരിപ്പൊടി ഫേയ്പാക്ക് തയ്യാറാക്കാം
രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി, രണ്ട് ടേബിൾ സ്പൂൺ തണുത്ത പാൽ, അരസ്പൂൺ മിൽക്ക് ക്രീം, അരസ്പൂൺ കാപ്പിപ്പൊടി എന്നിവ ഒരു ബൗളിലെടുത്ത് കുഴമ്പു പരുവത്തിൽ യോജിപ്പിച്ചെടുക്കുക.
കണ്ണിനു തൊട്ടു താഴെയുള്ള ഭാഗം ഒഴിവാക്കി, മുഖത്തെ മറ്റ് ഭാഗങ്ങളിൽ പാക്ക് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്തവെള്ളത്തിൽ മുഖം കഴുകാം. ശേഷം മുഖത്ത് നല്ലൊരു മോയ്സ്ചറൈസിങ് ക്രീം പുരട്ടാവുന്നതാണ്.
മിൽക്ക് ക്രീം
ചർമത്തിലെ പിഎച്ച് മൂല്യം നിലനിർത്തി പ്രകൃതിദത്തമായ ക്ലെൻസർ പോലെ പ്രവർത്തിക്കാനുള്ള കഴിവ് മിൽക്ക് ക്രീമിനുണ്ട്. ചർമത്തിലെ അനാവശ്യമായ എണ്ണമയത്തെ അരിപ്പൊടി വലിച്ചെടുക്കുമ്പോൾ മിൽക്ക് ക്രീമിലുള്ള മിൽക്ക് ഫാറ്റ് ചർമത്തെ മോയ്സചറൈസ് ചെയ്യുന്നു.
തണുത്ത പാൽ
പാൽ ചർമത്തെ മൃദുവാക്കുന്നതിനൊപ്പം സൂര്യതാപം മൂലമുണ്ടായ ചർമപ്രശ്നങ്ങളെ പരിഹരിക്കുന്നു. കാപ്പിപ്പൊടി രക്തയോട്ടം വർധിപ്പിക്കുകയും അതുവഴി ചർമത്തിന് കൂടുതൽ തിളക്കം പ്രദാനം ചെയ്യുകയും ചെയ്യുന്നു.



Be the first to comment