കാലങ്ങളായി ഒരേ പ്രഷർ കുക്കർ തന്നെയാണോ ഉപയോഗിക്കുന്നത്! ഭക്ഷണം വിഷമാകും?

കാലങ്ങളോളമായി ഒരേ പ്രഷർ കുക്കർ തന്നെയാണോ ഉപയോഗിക്കുന്നത്? എങ്കിൽ നിങ്ങളുടെ ഭക്ഷണം വിഷമയമാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഡോക്റ്റർമാർ. പഴയതും കേടുപാടുകൾ പറ്റിയതുമായ അലുമിനിയം കുക്കറുകൾ അസിഡിക് സ്വഭാവമുള്ള ഭക്ഷണവുമായി സമ്പർക്കത്തിൽ വരുമ്പോൾ ലെഡ്, അലുമിനിയം പാർട്ടിക്കിളുകൾ ഈ ഭക്ഷണത്തിൽ അലിഞ്ഞു ചേരാൻ ഇടയാകും. ഇത് ലെഡ് ടോക്സിറ്റിക്ക് കാരണമാകാം. ഇത് അധികമാകുമ്പോൾ ന്യൂറൽ കാത്സ്യം ചാനലുകളെ തടസ്സപ്പെടുത്തുകയും ഇതുമൂലം തലച്ചോറിലെ സിഗ്നലുകൾ സാവധാനത്തിലാകുകയും ചെയ്യും.

സമാന‌മായൊരു സംഭവം മുംബൈയിൽ അടുത്തയിടെ റിപ്പോർട്ട് ചെയ്തിരുന്നു. 20 കൊല്ലം പഴക്കമുള്ള കുക്കറിൽ വേവിച്ച ഭക്ഷണം കഴിച്ച 50കാരനാണ് ലെഡ് വിഷബാധയെത്തുടർന്ന് ഗുരുതരാവസ്ഥയിലായത്. ഇന്‍റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. വിശാൽ ഗബാലേ ആണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ പങ്കു വച്ചിരിക്കുന്നത്. ഒരു ഡെസിലിറ്റർ രക്തത്തിൽ 22 മൈക്രോഗ്രാം ലെഡ് ആണുണ്ടായിരുന്നത്. പിന്നീട് ചെലേഷൻ തെറാപ്പിയിലൂടെയാണ് അദ്ദേഹത്തിന്‍റെ ശരീരത്തിൽ നിന്ന് ലെഡിന്‍റെ അംശം നീക്കം ചെയ്തത്.

എന്താണ് ലെഡ് വിഷബാധ?

രക്തത്തിൽ ഉയർന്ന അളവിൽ ലെഡിന്റെ അംശം കാണപ്പെടുന്നതാണ് ലെഡ് വിഷബാധ. ഭക്ഷണത്തിലൂടെയോ സ്പർശനത്തിലൂടെയോ ശ്വസനത്തിലൂടെയോ ലെഡ് ശരീരത്തിലെത്താം. തലച്ചോറ്, നാഡികൾ, രക്തം, ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട അവയവങ്ങൾ തുടങ്ങി വിവിധ ശരീരഭാഗങ്ങളെ ലെഡ് ബാധിക്കാം. ലെഡുമായുള്ള ദീർഘകാല സമ്പർക്കം നാഡീവ്യവസ്ഥയെയും തലച്ചോറിനെയും വിവിധ അവയവങ്ങളെയും തകരാറിലാക്കും. പഠനപ്രശ്നങ്ങൾ, പെരുമാറ്റ പ്രശ്നങ്ങൾ ഉൾപ്പെടെയുളള തലച്ചോറിനുണ്ടാകുന്ന ക്ഷതങ്ങൾക്കും ദീർഘകാല ബൗദ്ധികപ്രശ്നങ്ങൾക്കും ലെഡ് പോയ്സണിങ്ങ് കാരണമാകും.

Be the first to comment

Leave a Reply

Your email address will not be published.


*