വാതിലിന് സമീപം സ്റ്റീല്‍ ബോംബ്, വടകരയില്‍ വോട്ട് മാറി ചെയ്ത എല്‍ഡിഎഫ് അംഗത്തിന്റെ വീടിന് നേരെ ആക്രമണം; ഒഴിവായത് വലിയ അത്യാഹിതം

വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ വോട്ട് മാറി യുഡിഎഫിന് ചെയ്ത എല്‍ഡിഎഫ് അംഗത്തിന്റെ വീടിന് നേരെ ആക്രമണം. ആര്‍ജെഡി അംഗമായ രജനിയുടെ ചോമ്പാലയിലെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. വീടിന്റെ വാതിലിന് അരികെ സ്റ്റീല്‍ ബോംബുവെച്ചെങ്കിലും പൊട്ടാത്തത് കാരണം വലിയ അത്യാഹിതം ഒഴിവായി. എന്നാല്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ അക്രമികള്‍ തകര്‍ത്തിട്ടുണ്ട്.

രജനിയുടെ വീടിനുനേരെയുണ്ടായത് സിപിഎമ്മിന്റെ ആസൂത്രിത ആക്രമണമാണെന്ന് കെകെ രമ എംഎല്‍എ ആരോപിച്ചു. ഇടതുപക്ഷത്തുള്ള ഒരു നേതാവിന്റെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. അബദ്ധത്തില്‍ വോട്ട് മാറി ചെയ്തതിന്റെ പേരിലാണ് സിപിഎമ്മിന്റെ ആക്രമണമെന്നും കെകെ രമ ആരോപിച്ചു.

രജനിയുടെ വോട്ട് മാറിയത് കാരണം ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചിരുന്നു. ഇരു മുന്നണികള്‍ക്കും ഏഴു സീറ്റുകള്‍ വീതമാണ് ബ്ലോക്ക് പഞ്ചായത്തിലുള്ളത്. ഇന്നലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജനകീയ മുന്നണി സ്ഥാനാര്‍ത്ഥി കോട്ടയില്‍ രാധാകൃഷ്ണന് രജനി വോട്ട് ചെയ്യുകയും രാധാകൃഷ്ണന്‍ ജയിക്കുകയും ചെയ്തിരുന്നു. എല്‍ഡിഎഫ് അംഗത്തിന്റെ വോട്ട് ലഭിച്ചതോടെ വടകര ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ പദവി യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.

വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാറി വോട്ട് ചെയ്‌തെങ്കിലും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തന്നെയാണ് രജനി വോട്ട് ചെയ്തത്. നറുക്കെടുപ്പിലൂടെയാണ് വൈസ് പ്രസിഡന്റ് സ്ഥാനം സിപിഎമ്മിന് ലഭിച്ചത്. അതിനിടെ വോട്ട് മാറി ചെയ്തതിനെ തുടര്‍ന്ന് രജനിയെ ആര്‍ജെഡി ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുകയും പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ വീഴ്ചവരുത്തിയതിനുമാണ് നടപടി.

Be the first to comment

Leave a Reply

Your email address will not be published.


*