‘ഗോഡ്‌ഫാദര്‍’ താരം റോബര്‍ട്ട് ഡുവല്‍ അന്തരിച്ചു; വിട പറഞ്ഞത് ഹോളിവുഡിന്‍റെ മികച്ച താരം

‘ദ് ഗോഡ്‌ഫാദര്‍’, ‘അപ്പോക്കലിപ്‌സ് നൗ’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്‌മയിപ്പിച്ച ഓസ്‌കര്‍ ജേതാവ് റോബര്‍ട്ട് ഡുവല്‍ (95) അന്തരിച്ചു. വെര്‍ജീനിയയിലെ മിഡില്‍ ബര്‍ഗിലുള്ള വസതിയിലായിരുന്നു അന്ത്യം. ഞായറാഴ്‌ച ഭാര്യ ലൂസിയാനയാണ് മരണവിവരം അറിയിച്ചത്.

ആറ് പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തില്‍ നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കിയിട്ടുണ്ട്. 1963 ല്‍ ടു കില്‍ എ മോക്കിങ് ബേര്‍ഡ് എന്ന ചിത്രത്തിലൂടെയാണ് ഡുവല്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്.

“എന്‍റെ പ്രിയപ്പെട്ട ഭര്‍ത്താവും സുഹൃത്തും ഏറ്റവും മികച്ച നടന്മാരിലൊരുളുമായ ബോബ് വീട്ടില്‍ അന്തരിച്ചു”, അദ്ദേഹത്തിന്‍റെ ഭാര്യ ലൂസിയാന കുറിച്ചു.

ആറ് തവണ ഓസ്‌കര്‍ നാമനിര്‍ദേശങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ 1983 ല്‍ ടെന്‍ഡര്‍ മെഴ്‌സീസ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്‌കര്‍ റോബര്‍ട്ട് ഡുവലിനായിരുന്നു. 1972 ല്‍ ഇറങ്ങിയ ദ് ഗോഡ്ഫാദര്‍ ആണ് ഡുവാലിനെ പ്രശസ്‌തിയിലേക്ക് എത്തിച്ചത്. ക്രൈം ഫിലിമിലെ ക്ലാസിക്കെന്ന് പറയാന്‍ കഴിയുന്ന സിനിമയായിരുന്നു അത്. തിയേറ്ററുകളെ ത്രസിപ്പിച്ചത് അത്രയും അധികമാണ്.

മരിയോ പുസോയുടെ നോവലിനെ ആസ്‌പദമാക്കി എത്തിയ ചിത്രമായിരുന്നു അത്. വിജയത്തിന് ശേഷം രണ്ടു മൂന്നും ഭാഗങ്ങള്‍ പുറത്തിറങ്ങി. എന്നാല്‍ രണ്ടാം ഭാഗം പ്രേക്ഷകര്‍ ഏറ്റെടുത്തെങ്കിലും മൂന്നാം ഭാഗം നിരാശയാണ് നല്‍കിയത്. മാഫിയ കുടുംബത്തിലെ ഐറിഷ് വംശജനായ ടോം ഹേഗന്‍ എന്ന ഉപദേശകനായാണ് ഡുവലെത്തിയത്.

അപ്പോക്കലിപ്‌സ് നൗ വിലെ ലെഫ്‌റ്റനന്‍റ് കേണല്‍ വില്യം കില്‍ഗോര്‍ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.സർഫിംഗ് ഭ്രാന്തനായ ഒരു കേണലിന്‍റെ വേഷത്തിലൂടെയാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. ഈ ചിത്രത്തിലെ പ്രകടനത്തിന് ഡുവാലിന്‍ ഓസ്കര്‍ നാമനിര്‍ദേശം ലഭിച്ചിരുന്നു. ചിത്രത്തിലെ ഐ ലവ് ദ സ്മൈല്‍ ഓഫ് നാപാം ഇന്‍ ദ മോണിങ് എന്ന ഡയലോഗ് ഇന്നും പ്രശസ്‌തമാണ്.

31 ാം വയസിലാണ് ഡുവല്‍ അഭിനയം ആരംഭിക്കുന്നത്. നായകനായും സഹനടനായും സംവിധായകനായും തിളങ്ങി. 90 കളിലും അഭിനയം തുടര്‍ന്നിരുന്നു. നെറ്റ്വര്‍ക്ക് , ദി ഗ്രെയിറ്റ് സാന്‍റിനി എന്നിവയും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രങ്ങളാണ്. 1989 ല്‍ പുറത്തിറങ്ങിയ ലോണ്‍സം ഡോവ് എന്ന മിനി സീരിസിലെ അഗസ്റ്റസ് മകറേ എന്ന വേഷമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ഡുവല്‍ സ്വന്തമായി എഴുതി സംവിധാനം ചെയ്‌ത് നിര്‍മിച്ച ദ അപ്പസ്തോലന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് വീണ്ടും ഓസ്‌കര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടു. ഒരു അഡ്മിറലിന്‍റെ മകനായി ജനിച്ച ഡുവല്‍ പട്ടാളക്കാരുടെയും ശൈലിയും പ്രാദേശിക സംസാരരീതികളും നിരീക്ഷിച്ചാണ് തന്‍റെ കഥാപാത്രങ്ങളെ രൂപപ്പെടുത്തിയത്.

ദ ഗ്രേറ്റ് സാന്‍റിനി എന്ന ചിത്രത്തിലെ കര്‍ക്കശക്കാരനായ പിതാവിനെ അവതരിപ്പിക്കാന്‍ അദ്ദേഹം തന്‍റെ അച്ഛനെ തന്നെയാണ് മാതൃകയാക്കിയത്.

നൃത്തത്തോടും അര്‍ജന്‍റീനിയന്‍ സംസ്കാരത്തോടും വലിയ താത്പര്യമുണ്ടായിരുന്നു അദ്ദേഹത്തിന്. മികച്ച ടാംഗോ നര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം. 2005 ല്‍ അമേരിക്ക നാഷണല്‍ മെകല്‍ ഓഫ് ആര്‍ട്സ് നലകകി അദ്ദേഹത്തെ ആദരിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*