മിന്നിച്ച് റോ-കോ സഖ്യം; സിഡ്നി ഏകദിനത്തിൽ രോഹിത്തിന് സെഞ്ച്വറി; 75ആം അർദ്ധ സെഞ്ച്വറിയുമായി കോലി

സിഡ്നി ഏകദിനത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ജയത്തിലേക്ക്. കഴിഞ്ഞ മത്സരത്തിലെ അതെ ശൈലിയിൽ ബാറ്റ് വീശിയ മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മ സെഞ്ച്വറി നേടി. 105 പന്തിൽ 100 റൺസ് നേടി രോഹിത് ക്രീസിലുണ്ട്. 2 സിക്‌സും 11 ഫോറും അടങ്ങുന്നതാണ് രോഹിത്തിന്റെ ഇന്നിങ്‌സ്.

വൺ ഡൗൺ ആയി ഇറങ്ങിയ വിരാട് കോലി അർദ്ധ സെഞ്ച്വറി നേടി. കോലിയുടെ ഏകദിനത്തിലെ 75ആം അർദ്ധ സെഞ്ച്വറിയാണ്. കഴിഞ്ഞ രണ്ടു മത്സരത്തിലും പൂജ്യത്തിന് പുറത്തായ കോലി ഇന്ന് ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യൻ ക്യാമ്പിന് സന്തോഷ വാർത്തയാണ്. 59 റൺസുമായി കോലി ക്രീസിലുണ്ട്.

മൂന്നാം ഏകദിനത്തില്‍ 237 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓസ്ട്രേലിയക്കെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 33 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെന്ന നിലയിലാണ്. 100 റണ്‍സോടെ രോഹിത് ശര്‍മയും 59 റണ്‍സോടെ വിരാട് കോലിയും ക്രീസില്‍. 24 റണ്‍സെടുത്ത ശുഭ്മാൻ ഗില്ലിന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 69 റണ്‍സടിച്ച് നല്ല തുടക്കമാണ് നല്‍കിയത്. തുടക്കം മുതല്‍ ആത്മവിശ്വാസത്തോടെ ബാറ്റുവീശിയ രോഹിത് ആദ്യ ഓവറിലെ മൂന്നാം പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ബൗണ്ടറി കടത്തിയാണ് തുടങ്ങിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 46.4 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സിന് ഓള്‍ ഔട്ടായി. 56 റണ്‍സെടുത്ത മാറ്റ് റെൻഷാ ആണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. ഓസീസിനായി ക്യാപ്റ്റൻ മിച്ചല്‍ മാര്‍ഷ് 41ഉം ട്രാവിസ് ഹെഡ് 29ഉം റണ്‍സെടുത്തു. ഇന്ത്യക്കായി ഹര്‍ഷിത് റാണ നാലു വിക്കറ്റെടുത്തപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദർ രണ്ട് വിക്കറ്റെടുത്തു. കുല്‍ദീപ് യാദവും പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതമെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*