സോളാര്‍: 5 കിലോവാട്ടിനു മുകളില്‍ ബാറ്ററി സ്റ്റോറേജ് വേണം, ഗ്രിഡ് വൈദ്യുതി ഉപയോഗിക്കാന്‍ നിയന്ത്രണം

തിരുവനന്തപുരം: പുരപ്പുറ സോളാര്‍ ഉത്പാദകര്‍ക്ക് 10 കിലോവാട്ടുവരെ ബാറ്ററിയില്ലാതെ ലാഭകരമായ നെറ്റ് മീറ്ററിങ് സമ്പ്രദായം തുടരാമെന്ന് പുതുക്കിയ ചട്ടങ്ങള്‍. 20 കിലോവാട്ടുവരെ ബാറ്ററി സ്റ്റോറേജ് സ്ഥാപിച്ച് നെറ്റ് മീറ്ററിങ്ങില്‍ തുടരാം. 2027 ഏപ്രില്‍ ഒന്നിനുശേഷം വരുന്ന നിലയങ്ങള്‍ക്ക് അഞ്ചുകിലോവാട്ടിനുമുകളില്‍ ബാറ്ററി സ്റ്റോറേജ് ആവശ്യമാണ്.

സോളാര്‍ ഉള്‍പ്പെടെയുള്ള പുനരുപയോഗ വൈദ്യുതി ഉത്പാദനത്തിന് ബാധകമായ പുതുക്കിയ ചട്ടങ്ങങ്ങളാണ് റെഗുലേറ്ററി കമ്മിഷന്‍ വിജ്ഞാപനത്തില്‍ പറയുന്നത്. 2030 വരെ ഇതിന് പ്രാബല്യമുണ്ട്.

നെറ്റ് മീറ്ററിങ്ങിലുള്ള ഒരു സോളാര്‍ പ്ലാന്റില്‍നിന്നുള്ള അധിക വൈദ്യുതി ആ ഉത്പാദകന്റെ മറ്റു വ്യവസായസ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ഉപയോഗിക്കാം. രാത്രി ഫെയ്‌സ് ഇല്ലാത്ത പ്രദേശങ്ങളില്‍ നിലവിലുള്ള രീതിയില്‍ അഞ്ച് കിലോവാട്ടുവരെ സിംഗിള്‍ ഫെയ്‌സ് ഇന്‍വെര്‍ട്ടര്‍ ഉപയോഗിക്കാം. വ്യാഴാഴ്ചവരെ ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റ് എടുത്ത എല്ലാ നിലയങ്ങളും നിലവിലുള്ളവയായി കണക്കാക്കും. പുതിയ രീതിയിലുള്ള ബില്ലിങ് 2026 ജനുവരി ഒന്നുമുതല്‍ നിലവില്‍വരുമെന്നാണ് അറിയിപ്പ്.

നെറ്റ് മീറ്ററിങ്ങില്‍ തുടരാന്‍ 10 കിലോവാട്ടിനുമുകളില്‍ പത്തുശതമാനം ബാറ്ററി സ്റ്റോറേജ് വേണം. 15 കിലോവാട്ടിനുമുകളില്‍ 20 ശതമാനവും. 2027 ഏപ്രില്‍ ഒന്നിനുശേഷം പ്രവര്‍ത്തനക്ഷമമാകുന്ന നിലയങ്ങള്‍ക്ക് അഞ്ചുകിലോവാട്ടിനുമുകളില്‍ 10 ശതമാനം ബാറ്ററി സ്റ്റോറേജ് വേണം. ബാറ്ററിയില്‍ ശേഖരിച്ച് രാത്രിയില്‍ ഗ്രിഡിലേക്കു നല്‍കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 7.50 രൂപ ലഭിക്കും.10 കിലോവാട്ടിന് മുകളിലുള്ള നിലയങ്ങളില്‍നിന്ന് ഗ്രിഡിലേക്ക് നല്‍കുന്ന അധികവൈദ്യുതിക്ക് ഗ്രിഡ് സപ്പോര്‍ട്ട് ചാര്‍ജ് നല്‍കണം. ഒരു മാസത്തില്‍ തിരികെയെടുക്കുന്ന ആദ്യ 300 യൂണിറ്റിന് 50 പൈസവീതമാണ് നിരക്ക്. അതിനുമുകളില്‍ ഒരു രൂപ.

അതതുമാസം ഉപയോഗിച്ചതിനുശേഷം മിച്ചമുള്ള വൈദ്യുതി തുടര്‍ന്നുള്ള മാസങ്ങളിലെ ഉപയോഗത്തില്‍ തട്ടിക്കിഴിക്കാം. ഇങ്ങനെ വര്‍ഷാവസാനംവരെ തുടരാം. സാമ്പത്തിക വര്‍ഷാവസാനം മിച്ചമുള്ളതിന് നിലവിലുള്ള ഉത്പാദകര്‍ക്ക് യൂണിറ്റിന് 3.8 രൂപയും പുതിയ ഉത്പാദകര്‍ക്ക് 2.79 രൂപയും ലഭിക്കും.

വ്യവസായങ്ങള്‍ക്ക് 500 കിലോവാട്ട് വരെ

വ്യവസായങ്ങള്‍ക്ക് 500 കിലോവാട്ടുവരെ നെറ്റ് മീറ്ററിങ് അനുവദിക്കും 25 കിലോവാട്ടിനുമുകളില്‍ 100 കിലോവാട്ടുവരെ 10 ശതമാനവും 100 മുതല്‍ 500 കിലോവാട്ടുവരെ 20 ശതമാനവും ബാറ്ററി സ്റ്റോറേജ് വേണം. കൃഷിക്ക് 3000 കിലോവാട്ടുവരെ നെറ്റ് മീറ്ററിങ് തുടരാം.

Be the first to comment

Leave a Reply

Your email address will not be published.


*