‘എന്ത് ചര്‍ച്ച; കേരളാ കോണ്‍ഗ്രസ് എമ്മില്‍ അഭ്യൂഹങ്ങള്‍ ഒന്നുമില്ല’; മുന്നണിമാറ്റ വാര്‍ത്തകള്‍ തള്ളി റോഷി അഗസ്റ്റിന്‍

കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണിമാറ്റ അഭ്യൂഹങ്ങള്‍ തള്ളി മന്ത്രി റോഷി അഗസ്റ്റിന്‍. കേരളാ കോണ്‍ഗ്രസില്‍ അഭ്യൂഹങ്ങളില്ലെന്നും ചര്‍ച്ചകള്‍ നടന്നോ എന്ന് തനിക്കറിഞ്ഞൂടായെന്നും റോഷി അഗസ്റ്റിന്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു രണ്ടാഴ്ച മുമ്പ് പാര്‍ട്ടിനയം ചെയര്‍മാന്‍ ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്. ക്രെഡിബിലിറ്റിയും ധാര്‍മികതയും കേരളാ കോണ്‍ഗ്രസ് എം പണയം വച്ചിട്ടില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പലസ്ഥലത്ത് നിന്നും ഉദയം ചെയ്യാറുണ്ട്. അതിനൊക്കെ മറുപടി പറയണമെങ്കില്‍ വലിയ പാടാ. ഞങ്ങളെന്തിനാണ് ഈ കാര്യം ചര്‍ച്ച ചെയ്യുന്നത്. രണ്ടാഴ്ച മുന്‍പ് ചെര്‍മാന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കി. ഇന്ന് പങ്കെടുക്കാത്തതിന്റെ കാരണവും വ്യക്തമാക്കിയിട്ടുണ്ട്. ചര്‍ച്ച നടന്നതായി എനിക്ക് അറിയില്ല. ആരാണ് ചര്‍ച്ച നടത്തിയത്. എന്ത് ചര്‍ച്ച. ഇതൊക്കെ പറയേണ്ടത് ചെയര്‍മാനാണ്. അദ്ദേഹം വിശദീകരിച്ചിട്ടുണ്ടല്ലോ. കേരള കോണ്‍ഗ്രസുകളെ കുറിച്ച് എക്കാലത്തും ഇങ്ങനെ പല വാര്‍ത്തകളും വന്നിട്ടുണ്ട്. മധ്യമേഖല ജാഥയില്‍ പങ്കെടുക്കില്ലെന്ന് ആരുപറഞ്ഞു – അദ്ദേഹം പറഞ്ഞു

ഞങ്ങള്‍ക്ക് ക്രെഡിബിലിറ്റിയും ധാര്‍മ്മികതയും ഉണ്ട്. ഒരു സഭയും കേരള കോണ്‍ഗ്രസിന്റെ നയപരമായ കാര്യങ്ങളില്‍ ഇടപെടില്ല. സോണിയ ഗാന്ധി ജോസ് കെ മാണിയോട്ട് സംസാരിച്ചതായി എന്നോട് ആരും പറഞ്ഞിട്ടില്ല. ഞാന്‍ എന്നും ഫോണില്‍ സംസാരിക്കുന്നുണ്ട്. ഇടത് ഭരണം തുടരും. അതില്‍ എന്തെങ്കിലും സംശയം ഉണ്ടോ. വ്യക്തിപരമായ സാഹചര്യത്തിലാണ് ചെയര്‍മാന്‍ പങ്കെടുക്കാത്തത്. വിശ്വാസ പ്രമാണങ്ങളെ അടിയറ വയ്ക്കുന്ന തീരുമാനം എടുക്കില്ല – അദ്ദേഹം പറഞ്ഞു.

അഭ്യൂഹങ്ങള്‍ക്കിടെ മന്ത്രി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റും ചര്‍ച്ചയായിരുന്നു. തുടരും എന്ന ക്യാപ്ഷനില്‍ ഫേസ്ബുക്കില്‍ മുഖ്യമന്ത്രിയും എം വി ഗോവിന്ദനും ബിനോയ് വിശ്വവുമടക്കമുള്ള നേതാക്കള്‍ക്കൊപ്പമുള്ള നേതാക്കള്‍ക്കൊപ്പമുള്ള ചിത്രമാണ് പങ്കുവച്ചത്. ഫേസ്ബുക്ക് പോസ്റ്റുമായി പ്രമേദ് നാരായണന്‍ എംഎല്‍എയും രംഗത്തെത്തി. തുടരും എന്നകുറിപ്പോടെ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തത്. മന്ത്രി റോഷി അഗസ്റ്റിന്‍ പോസ്റ്റിട്ടതിന് പിന്നാലെയാണ് എംഎല്‍എയുടെയും പോസ്റ്റ്.

Be the first to comment

Leave a Reply

Your email address will not be published.


*