ആദായനികുതി വകുപ്പ് റെയ്ഡിനിടെ, ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.റോയ് സി.ജെ.യുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വെടിവെച്ചത് നെഞ്ചിന്റെ ഇടതുവശത്ത്. അഞ്ചാംവാരിയെല്ലിലൂടെ വെടിയുണ്ട ഹൃദയത്തിലേക്ക് തുളച്ചുകയറിയെന്ന് ഡോക്ടേഴ്‌സ്. മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംസ്‌കാരം നാളെ ബെംഗളൂരുവില്‍ നടക്കും.
മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ് പോലീസില്‍ പരാതി നല്‍കി. കര്‍ണാടക പോലീസിന്റെ പ്രത്യേക സംഘം കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ റോയ് സി ജെയുടെ സഹോദരന്‍ ബാബു സി ജെ രംഗത്തെത്തി. മരണകാരണം ആത്മഹത്യ തന്നെ എന്ന് സ്ഥിരീകരിക്കാന്‍ ബാലസ്റ്റിക് ഫോറന്‍സിക് പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.
അതേസമയം, ഐടി ഉദ്യോഗസ്ഥര്‍ നിരന്തരമായി റോയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ലീഗല്‍ അഡൈ്വസര്‍ പ്രകാശ് പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ഐടി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. മൂന്നുദിവസമായി റെയ്ഡ് നടക്കുന്നുണ്ട് എന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. ഐടി ഉദ്യോഗസ്ഥരില്‍ നിന്നും വിശദാംശങ്ങള്‍ തേടുമെന്നും പോലീസ് അറിയിച്ചു.
ഡോ. റോയ് സിജെയുടെ മരണത്തില്‍ ആദായ നികുതിവകുപ്പിനെതിരെ കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ പ്രതികരിച്ചു. ആദായ നികുതി വകുപ്പിന്റെ സമ്മര്‍ദ്ദത്തിന് ഇരയാണ് റോയ് സിജെ.ഇത്തരം സമ്മര്‍ദങ്ങളെ അപലപിക്കുന്നു.കൂടുതല്‍ പറഞ്ഞാല്‍ രാഷ്ട്രീയമാകുമെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. അധിക്ഷേപത്തിന്റെ ഇരയാണ് ഡോ. റോയ് സിജെ. കുറ്റമറ്റ അന്വേഷണം നടത്തുമെന്നും ഡികെ ശിവകുമാര്‍ പ്രതികരിച്ചു.



Be the first to comment