ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം

ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം. രാത്രി ഏഴരയക്ക് ലഖ്‌നൌവിലാണ് മത്സരം. ടോപ് ടു ഫിനിഷ് പ്രതീക്ഷ നിലനിര്‍ത്താന്‍ ആര്‍സിബിക്ക് ജയം അനിവാര്യമാണ്.

മുന്‍പെപ്പോഴത്തേക്കാളും ഐപിഎല്‍ കിരീടം സ്വപ്നം കാണുന്നുണ്ട് ഇത്തവണ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. കയ്യിരിക്കുന്ന കളി കളഞ്ഞുകുളിക്കുന്ന പതിവ് രീതിക്ക് മാറ്റം വന്നു. അവസരത്തിനൊത്ത് ഉയരുന്ന ബാറ്റര്‍മാരും ചെണ്ടകളെന്ന ചീത്തപ്പേര് മാറ്റിയ ബൗളര്‍മാരും തുടങ്ങി ഇതുവരെയെല്ലാം ടീമിന് അനുകൂലമാണ്. കൂടുതല്‍ റിസ്‌ക്കെടുക്കാതെ ഫൈനല്‍ ഉറപ്പിക്കാനാണ് ഇനി ആര്‍സിബിയുടെ ശ്രമം.

12 മത്സരങ്ങളില്‍ 17 പോയിന്റുള്ള ആര്‍സിബിക്ക് ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ജയിച്ചാല്‍ പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരിലൊരാളായി ഫിനിഷ് ചെയ്യാനാകും. മികച്ച ഫോമിലുള്ള വിരാട് കോലി തന്നെയാണ് ബെംഗളൂരുവിന്റെ കരുത്ത്. ജേക്കബ് ബേത്തല്‍, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ജിതേഷ് ശര്‍മ തുടങ്ങിയ പവര്‍ഹിറ്റര്‍മാര്‍ക്ക് തകര്‍ത്തടിക്കാന്‍ പറ്റിയ വിളനിലമാണ് ബാറ്റര്‍മാരുടെ പറുദീസയായ ലഖ്‌നൌ ഏകാന സ്റ്റേഡിയം. ബൗളിങ് നിരയിലേക്ക് വന്നാല്‍ പരുക്ക് ഭേദമായി ജോഷ് ഹേസല്‍വുഡിന് കളിക്കാനാവുമെന്നാണ് ആര്‍സിബി ആരാധകരുടെ പ്രതീക്ഷ.

പ്ലേ ഓഫ് കാണാതെ പുറത്തായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഇനി മാനം കാക്കാനുള്ള പോരാട്ടങ്ങള്‍. 12 കളിയില്‍ 4 ജയം ഉള്‍പ്പടെ 9 പോയിന്റ് മാത്രമാണ് എസ്ആര്‍എച്ചിന്റെ അക്കൌണ്ടിലുള്ളത്. കഴിഞ്ഞ മത്സരത്തില്‍ ജയിച്ച് ലഖ്‌നൌവിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് പാരവച്ച ഹൈദരാബാദ് ബെംഗളൂരുവിന്റെ ടോപ് ടു ഫിനിഷിനും തടസമായെത്തുമോയെന്നും ആര്‍സിബി ആരാധകര്‍ക്ക് ആശങ്കയുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*