“രാജ്യത്തെ ഹിന്ദു ജനസംഖ്യ കുറയുന്നതിൽ ആശങ്ക, ഒരു കുടുംബത്തില്‍ മൂന്ന് കുട്ടികളെങ്കിലും വേണം”, ആഹ്വാനവുമായി മോഹൻ ഭാഗവത്

ലഖ്‌നൗ: രാജ്യത്തെ ഹിന്ദു കുടുംബങ്ങളിൽ ഇനി മുതൽ കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും വേണമെന്ന പ്രസ്‌താവനയുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഹിന്ദു സമൂഹത്തെ ഒന്നിപ്പിക്കാനും ശാക്തീകരിക്കാനുമാണ് ഇത്തരത്തിലൊരു ആഹ്വാനമെന്ന് മോഹൻ ഭാഗവത് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലെ സരസ്വതി ശിശു മന്ദിറിൽ നടന്ന സാമൂഹിക ഐക്യ യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് മോഹൻ ഭാഗവതിൻ്റെ പരാമർശം. രാജ്യത്ത് ഹിന്ദു ജനസംഖ്യ കുറയുന്നതിൽ ആശങ്കയുണ്ടെന്നും പ്രലോഭിപ്പിച്ചോ നിർബന്ധിച്ചോ നടക്കുന്ന മതപരിവർത്തനങ്ങൾക്ക് അവസാനം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ശരാശരി ജനന നിരക്ക് മൂന്നിൽ താഴെയുള്ള സമൂഹങ്ങൾ ഭാവിയിൽ അപ്രത്യക്ഷമാകുമെന്ന അഭിപ്രായങ്ങൾ ഉദ്ധരിച്ചാണ് മോഹൻ ഭഗവതിൻ്റെ വാദം.

“ജനങ്ങളെ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവരാനും ക്ഷേമം ഉറപ്പാക്കാനുമുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തണം. ഹിന്ദുക്കളെ ഒന്നിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഹിന്ദുക്കൾക്ക് നിലവിൽ ഒരു ഭീഷണിയുമില്ല, പക്ഷേ ജാഗ്രത ആവശ്യമാണ്,” മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.

രാജ്യത്ത് നടക്കുന്ന നുഴഞ്ഞുകയറ്റത്തെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി നാടുകടത്തണമെന്നും തൊഴിൽ നൽകരുതെന്നും ആര്‍എസ്‌എസ് മേധാവി കൂട്ടിച്ചേർത്തു.

കുടുംബത്തിൽ മൂന്ന് കുട്ടികളെങ്കിലും വേണമെന്ന് ഹിന്ദു വിഭാഗത്തിൽ ഉൾപ്പെടുന്ന നവദമ്പതികളെ ബോധവാന്മാരാക്കണമെന്നും മോഹൻ ഭാഗവത് പറഞ്ഞു. വിവാഹത്തിൻ്റെ ലക്ഷ്യം സ്വന്തം ആഗ്രഹങ്ങൾ നിറവേറ്റുക മാത്രമല്ല, സൃഷ്‌ടിയെ മുന്നോട്ട് നയിക്കുക കൂടിയാണ്. ഹിന്ദു ഐക്യത്തിൻ്റെ അഭാവം വിവേചനത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“സനാതന ചിന്ത ഐക്യത്തിൻ്റെ തത്ത്വചിന്തയാണ്. കാലക്രമേണ ഉയർന്നുവന്ന വ്യത്യാസങ്ങൾ മനസിലാക്കുന്നതിലൂടെയും പ്രയോഗത്തിലൂടെയും സനാതന ചിന്തയ്ക്ക് ഏറ്റ പരിക്ക് പരിഹരിക്കണം. ജാതി വിഭജനം സംഘർഷങ്ങൾക്ക് കാരണമാകരുത്. പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ സ്വന്തം ജനമെന്ന ബോധത്തോടെ ഉയർത്തണം. ഇന്ത്യ സമീപഭാവിയിൽ ലോകത്തെ നയിക്കും”, മോഹൻ ഭാഗവത് വ്യക്തമാക്കി.

സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് പിന്തുണ നൽകുന്നതോടൊപ്പം, സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കണം. തെറ്റിദ്ധാരണകൾ നീക്കം ചെയ്യാനും, സാമൂഹിക പ്രശ്‌നങ്ങൾ പരിഹരിക്കാനും പതിവായി സമൂഹതല യോഗങ്ങൾ സംഘടിപ്പിക്കണം. അമേരിക്കയിലെയും ചൈനയിലെയും ചില ഘടകങ്ങൾ ഇന്ത്യയുടെ സാമൂഹിക ഐക്യത്തിന് എതിരായി പ്രവർത്തിക്കുന്നുണ്ടെന്നും ആർ‌എസ്‌എസ് മേധാവി പറഞ്ഞു. ജാഗ്രതയും പരസ്പര വിശ്വാസവും പുലർത്താൻ ആഹ്വാനം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവാദ അഭിപ്രായത്തിൽ വിയോജിപ്പുള്ളവരെ ശത്രുക്കളായി കാണരുതെന്നും ഏകോപനത്തിന് പ്രാധാന്യം നൽകണമെന്നും മോഹൻ ഭാഗവത് പറഞ്ഞു. മാതൃശക്തി കുടുംബത്തിൻ്റെ അടിത്തറയാണ്. സ്ത്രീകളെ ദുർബലരായി കാണരുതെന്നും സ്വയം പ്രതിരോധത്തിൽ സ്ത്രീകൾ പരിശീലനം നേടണമെന്നും ഇന്ത്യൻ പാരമ്പര്യം സ്ത്രീകൾക്ക് ആദരണീയമായ സ്ഥാനമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിഖ്, ബുദ്ധ, ജൈന മതങ്ങളിൽപ്പെട്ട പ്രതിനിധികളും രാമകൃഷ്‌ണ മിഷൻ, ഇസ്‌കോൺ, ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ തുടങ്ങിയ സംഘടനകളും ലഖ്‌നൗവിലെ സരസ്വതി ശിശു മന്ദിറിൽ നടന്ന സാമൂഹിക ഐക്യ യോഗത്തിൽ പങ്കെടുത്തു.

ഐക്യം വേണ്ടത് പ്രസംഗത്തിലൂടെയല്ല, പ്രവർത്തിയിലൂടെയെന്ന് മോഹൻ ഭാഗവത്

കൂടുതൽ സമ്പാദിക്കുകയോ ഉപഭോഗം ചെയ്യുകയോ അല്ല, മറ്റുള്ളവരെ സേവിക്കുകയും ചെയ്യുക എന്നതാണ് മികച്ചതെന്ന് കുട്ടികളെ പഠിപ്പിക്കണമെന്ന് ആർഎസ്എസ് നേതാവ് പറഞ്ഞു. രാജ്യം മറ്റെല്ലാത്തിനും ഉപരിയായി കാണുന്ന മൂല്യങ്ങൾ കുട്ടികൾക്ക് പകർന്നുനൽകണം. രാജ്യ നന്മയ്ക്കായി അറിവും സമ്പത്തും വർധിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ മാതാപിതാക്കളോട് മോഹൻ ഭാഗവത് പറഞ്ഞു.

“സാമൂഹിക ഐക്യത്തിന് ഊന്നൽ നൽകിക്കൊണ്ട്, വ്യക്തി, കുടുംബ തലങ്ങളിൽ നിന്ന് കൂടുതൽ പരസ്‌പര ഇടപെടലിലൂടെ ഇതിനുള്ള ശ്രമങ്ങൾ ആരംഭിക്കണം. പ്രസംഗങ്ങളിലൂടെയല്ല, പ്രയോഗത്തിലൂടെയാണ് ഐക്യം ഉണ്ടാകുന്നത്. ജാതി വ്യത്യാസങ്ങൾക്ക് സമൂഹത്തിൽ സ്ഥാനമില്ല. വ്യക്തിയല്ല, കുടുംബമാണ് സമൂഹത്തിൻ്റെ അടിസ്ഥാനം. സാമൂഹിക പെരുമാറ്റം രൂപപ്പെടുന്നത് അതിനുള്ളിലാണ്. മാതൃഭാഷാ പ്രാവീണ്യം, ദേശസ്‌നേഹം, സമഗ്രത, അച്ചടക്കം, കുടുംബാഭിമാനം എന്നിവയ്ക്ക് പ്രാധാന്യമുണ്ട്,” മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.

ആർ‌എസ്‌എസ് സംഘടനയുമായി അടുപ്പമില്ലാത്ത കുടുംബങ്ങളിലേയ്ക്കും സമൂദായങ്ങളിലേയ്ക്കും എത്തിച്ചേരാനും സാമൂഹിക ബന്ധങ്ങൾ വികസിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്‌തു. സാങ്കേതികവിദ്യയെ തടയാൻ ആവില്ല. അവയെല്ലാം അച്ചടക്കത്തോടെ ഉപയോഗിക്കണം. നിർമിത ബുദ്ധി, ടെലിവിഷൻ, മൊബൈൽ ഫോണുകൾ, സിനിമകൾ എന്നിവയിലേക്കുള്ള ദോഷങ്ങളെക്കുറിച്ച് യുവതലമുറയെ ബോധവാന്മാരാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Be the first to comment

Leave a Reply

Your email address will not be published.


*