‘റെയില്‍വേയെ വര്‍ഗ്ഗീയ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചു’; വന്ദേഭാരതിലെ ഗണഗീതത്തില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: എറണാകുളം – ബംഗളൂരു വന്ദേ ഭാരത് സര്‍വീസ് ഉദ്ഘാടനത്തിനിടെ വിദ്യാര്‍ത്ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച നടപടി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപരമത വിദ്വേഷവും വര്‍ഗ്ഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആര്‍എസ്എസിന്റെ ഗാനം സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ ഉള്‍പ്പെടുത്തിയത് ഭരണഘടനാതത്വങ്ങളുടെ ലംഘനമാണ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയെ പോലും തങ്ങളുടെ വര്‍ഗ്ഗീയ രാഷ്ട്രീയ പ്രചാരണത്തിനായി സംഘപരിവാര്‍ ഉപയോഗിക്കുകയാണ്. ഇത്തരം നടപടികൾ അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.

ദേശഭക്തി ഗാനമെന്ന കുറിപ്പോടെ ഈ ഗണഗീതം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ദക്ഷിണ റെയില്‍വേ സ്വയം പരിഹാസ്യരാവുകയും ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെ അപഹസിക്കുകയുമാണ് ചെയ്തത്. സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയുടെ ആണിക്കല്ലായാണ് റെയില്‍വെ പ്രവര്‍ത്തിച്ചത്. എന്നാല്‍ ഇപ്പോള്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റിയ ആര്‍എസ്എസിന്റെ വര്‍ഗ്ഗീയ അജണ്ടയ്ക്കു കൂട്ടുനില്‍ക്കുന്നു. വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങില്‍ കണ്ടത് തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തലാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് മതനിരപേക്ഷതയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള സങ്കുചിത രാഷ്ട്രീയ മനസ്സാണ്. ഇതു തിരിച്ചറിഞ്ഞ് ജനങ്ങളുടെ പ്രതിഷേധം ഉയരണം എന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും ‘വകതിരിവെന്നത് ‘പണ്ടേ ഇല്ല

ഇന്ത്യയുടെ പൊതുസ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേയെ വര്‍ഗ്ഗീയ രാഷ്ട്രീയത്തിന് ഉപയോഗപ്പെടുത്തുന്നതിന്റെ മറ്റൊരു ദൃഷ്ടാന്തമാണ് ആര്‍എസ്എസ് ഗണഗീതം പാടിയ നടപടിയെന്ന് ജോണ്‍ ബ്രിട്ടാസ് എംപി ആരോപിച്ചു. വന്ദേഭാരത് സര്‍വ്വീസ് ആരംഭിക്കുന്ന എല്ലാ ചടങ്ങുകളെയും അടിമുടി രാഷ്ട്രീയവല്‍ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് എന്നും രാജ്യസഭാ എംപി ചൂണ്ടിക്കാട്ടി.

എറണാകുളം-ബാംഗ്ലൂര്‍ റൂട്ടില്‍ താല്‍ക്കാലിക രൂപത്തിലാണെങ്കിലും നേരത്തെ ഒരു സര്‍വ്വീസ് ഉണ്ടായിരുന്നു. അത് ഏകപക്ഷീയമായി നിര്‍ത്തലാക്കുകയായിരുന്നു. ഇത് പുനരാരംഭിക്കണമെന്ന് ഞാനുള്‍പ്പടെയുള്ള കേരള എംപിമാര്‍ പല തവണ ആവശ്യപ്പെട്ടിരുന്നു. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ വിളിച്ചു ചേര്‍ത്ത എംപിമാരുടെ യോഗത്തില്‍ ഇക്കാര്യം ഉന്നയിച്ചപ്പോള്‍ ഈ റൂട്ടില്‍ വന്ദേഭാരത് സ്ലീപ്പര്‍ തന്നെ പരിഗണിക്കാമെന്ന നിര്‍ദ്ദേശം ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ട് എന്നായിരുന്നു മറുപടി. എന്നാല്‍ പൊടുന്നനെ തന്നെ ഒരു ദിവസം റെയില്‍വെ മന്ത്രി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പടെയുള്ള പാര്‍ട്ടി ഭാരവാഹികളുമായി ഓണ്‍ലൈന്‍ മീറ്റിംഗ് നടത്തുന്നു, വന്ദേഭാരത് സര്‍വ്വീസ് പ്രഖ്യാപിക്കുന്നു. ഇത്രയും തരം താഴ്ന്ന രീതിയില്‍ ഒരിക്കലും ഇന്ത്യന്‍ റെയില്‍വേ ചരിത്രത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ല. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഗണഗീതാലാപനവും മറ്റ് രാഷ്ട്രീയ കാര്യപരിപാടികളും പുതിയ സര്‍വീസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് അരങ്ങേറിയത്. കേന്ദ്ര സര്‍ക്കാരിനും ഭരണകക്ഷിയായ ബിജെപിക്കും ‘വകതിരിവെന്നത് ‘പണ്ടേ ഇല്ല. എന്നാല്‍ അതിന്റെ മാറ്റ് എത്രത്തോളം വര്‍ദ്ധിപ്പിക്കാമെന്നാണ് അവര്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*