ന്യൂയോർക്ക്: 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ത്യയ്ക്ക് ആശംസകളുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇന്തോ പസഫിക് മേഖലയിലെ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ക്വാഡിലൂടെ ഇന്ത്യയുമായുള്ള ബന്ധം ഊർജിതമാക്കുമെന്നും പ്രതിരോധം, ഊർജം, നിർണായക ധാതുക്കൾ എന്നിവയിലൂടെയുള്ള സഹകരണം വഴി ഇരു രാജ്യങ്ങൾക്കും ഗുണമുണ്ടാകുമെന്നും മാർക്കോ റൂബിയോ പറഞ്ഞു.
“ഇന്ത്യയ്ക്ക് റിപ്പബ്ലിക് ദിനാശംസകൾ! രാജ്യം ഭരണഘടന അംഗീകരിച്ചതിലുള്ള വാർഷികാഘോഷത്തിൽ അമേരിക്കയും പങ്കുകൊള്ളുന്നു,” മാർക്കോ റൂബിയോ എക്‌സിൽ കുറിച്ചു. ദക്ഷിണ, മധ്യേഷൻകാര്യ ബ്യൂറോയും ഇന്ത്യയ്ക്ക് ആശംസകളുമായി എത്തി. ലോകത്തിലെ ഏറ്റവും വലുതും ഊർജ്ജസ്വലവുമായ രണ്ട് ജനാധിപത്യ രാജ്യങ്ങളായ അമേരിക്കയും ഇന്ത്യയും വരും വർഷങ്ങളിൽ ഒരുമിച്ച് നേടുന്ന നേട്ടങ്ങൾക്ക് വേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നതായി ദക്ഷിണ, മധ്യേഷൻ കാര്യ ബ്ലൂറോ എക്‌സിൽ കുറിച്ചു.
ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
77-മത് റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത് ഭാരതം കെട്ടിപ്പടുക്കാനുള്ള ജനങ്ങളുടെ ദൃഢനിശ്ചയത്തിൽ റിപ്പബ്ലിക് ദിനം പുതിയ ഊർജവും ആവേശവും പകരട്ടെ എന്ന് എക്‌സിൽ കുറിച്ചു.
സംസ്ഥാന തല ആഘോഷങ്ങൾക്ക് തുടക്കമായി
77-ാമത് റിപ്പബ്ലിക് ദിന സംസ്ഥാന തല ആഘോഷങ്ങൾക്ക് തുടക്കമായി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കറുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് തുടക്കമായി.
ഗവർണർ പതാക ഉയർത്തിയ ശേഷം കരസേനയുടെ മദ്രാസ് റെജിമെൻ്റ്, വായുസേന, ആന്ധ്രപ്രദേശ് സംസ്ഥാന പൊലീസ്, മലബാർ സ്‌പെഷ്യൽ ആർമ്ഡ് പൊലീസ്, ഇന്ത്യ റിസർവ് ബറ്റാലിയൻ, കേരള വനിതാ പൊലീസ്, റാപ്പിഡ് റെസ്‌പോൺസ് ആൻഡ് റെസ്‌ക്യൂ സംഘം തുടങ്ങിയ സംഘങ്ങളുടെ പരേഡും നടന്നു.
വ്യോമസേനയിൽ നിന്നുള്ള വികാസ് വസിഷ്‌ഠിൻ്റെ നേതൃത്വത്തിലാണ് പരേഡുകൾ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ തുടങ്ങിയവരും, എംഎൽഎമാരും സെൻട്രൽ സ്റ്റേഡിയത്തിലെത്തിലെ ആഘോഷ പരിപാടിയിൽ പങ്കെടുത്തു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വിവിധ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ പതാക ഉയർത്തി.
മലയാളത്തിൽ ആശംസകൾ നേർന്ന് ഗവർണർ
റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് സംസ്ഥാന ഗവർണർ രാജേന്ദ്ര അർലേക്കർ. പ്രിയപ്പെട്ട സഹോദരി, സഹോദരന്മാർക്ക് ഹാർദ്ദമായ ലോകതാന്ത്രിക് ദിനാശംസകൾ എന്നാണ് ഗവണർ രാജേന്ദ്ര അർലേക്കർ പറഞ്ഞത്. വിവിധ സേനകൾ നൽകിയ പരേഡിൽ അഭിവാദ്യം സ്വീകരിച്ച ശേഷമാണ് ഗവർണർ ആശംസകൾ നേർന്നത്.



Be the first to comment