മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 14 പൈസയുടെ നഷ്ടത്തോടെ 92.42 എന്ന നിലയിലേക്കാണ് രൂപ താഴ്ന്നത്. എണ്ണ വില കുതിച്ചുയരുന്നതും ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് തുടരുന്നതുമാണ് രൂപയെ ബാധിച്ചത്.
അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിച്ചതും രൂപയ്ക്ക് വിനയായി. അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ വായ്പ നയ പ്രഖ്യാപനം വരാനിരിക്കുകയാണ്. അതിനാല്‍ നിക്ഷേപകര്‍ ഏറെ കരുതലോടെയാണ് വിപണിയില്‍ ഇടപെടുന്നത്. കഴിഞ്ഞ ദിവസം 92.28 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്.
ഹോര്‍മുസ് കടിലിടുക്കില്‍ സംഘര്‍ഷം തുടരുന്നതിനാല്‍ എണ്ണ വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. അതിനാല്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 102 ഡോളര്‍ കടന്നു. ഇന്ന് 2.68 ശതമാനത്തിന്റെ വര്‍ധനയാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്. അതിനിടെ ഓഹരി വിപണി ഇന്ന് നേട്ടത്തിലാണ്.
ഇന്നലെ ആയിരത്തോളം പോയിന്റ് മുന്നേറിയ ബിഎസ്ഇ സെന്‍സെക്‌സ് ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തിലും മുന്നേറ്റമാണ് കാഴ്ചവെച്ചത്. സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി. കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ വാങ്ങിക്കൂട്ടാമെന്ന പ്രതീക്ഷയും ഏഷ്യന്‍ വിപണി ഉണര്‍ന്നതുമാണ് ഇന്ത്യന്‍ വിപണിക്ക് കരുത്തായത്. പ്രധാനമായി ഓട്ടോ, മെറ്റല്‍, റിയല്‍റ്റി ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്.



Be the first to comment