കൂപ്പുകുത്തി രൂപ; സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍, ഒറ്റയടിക്ക് ഇടിഞ്ഞത് 31 പൈസ

മുംബൈ: ഡോളറിനെതിരെ രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 31 പൈസ ഇടിഞ്ഞതോടെയാണ് രൂപ താഴ്ചയില്‍ റെക്കോര്‍ഡിട്ടത്. 91.28 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്.

ഡോളര്‍ ആവശ്യകത വര്‍ധിച്ചതും ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന ആശങ്കകളുമാണ് രൂപയെ ബാധിച്ചത്. ഇതിന് പുറമേ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും വിപണിയില്‍ പ്രതിഫലിച്ചു. ഇന്നലെ ഏഴു പൈസയുടെ നഷ്ടത്തോടെ 90.97 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്.

ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകള്‍ വ്യാപാര യുദ്ധത്തിന് വീണ്ടും തീ പകര്‍ന്നിരിക്കുകയാണ്. അമേരിക്കന്‍ നിലപാടിന് എതിരായി യൂറോപ്യന്‍ രാജ്യങ്ങള്‍ നിന്നാല്‍, ഈ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അധിക തീരുവ ചുമത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ഇതിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരതയാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചത്.

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 64 ഡോളറിന് മുകളിലാണ്. 60 ഡോളര്‍ ഉണ്ടായിരുന്ന ക്രൂഡ് വിലയാണ് ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ച് വരുന്നത്. ഇതിന് പുറമേ ഓഹരി വിപണിയും നഷ്ടത്തിലാണ്. ബിഎസ്ഇ സെന്‍സെക്‌സ് 300ലധികം പോയിന്റ് ആണ് താഴ്ന്നത്. വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് അടക്കമുള്ള ഘടകങ്ങളാണ് ഓഹരി വിപണിയെ ബാധിച്ചത്.

 

Be the first to comment

Leave a Reply

Your email address will not be published.


*