മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ശക്തമായി തിരിച്ചുവന്ന ഓഹരി വിപണിക്ക് ലാഭമെടുപ്പ് വില്ലനാവുകയായിരുന്നു. ഒരു ഘട്ടത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റി 25,750 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെപോയി.
അഞ്ചു ദിവസത്തെ നഷ്ടത്തിന് ശേഷം ഇന്നലെ വിപണി നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന അമേരിക്കന്‍ അംബാസഡറിന്റെ വാക്കുകളാണ് ഇന്നലെ വിപണിക്ക് കരുത്തായത്. എന്നാല്‍ ഇന്ന് രാവിലെ വില്‍പ്പനസമ്മര്‍ദ്ദം വിപണിയെ ബാധിക്കുകയായിരുന്നു. ഐടി, ഓട്ടോ, ഫാര്‍മ ഓഹരികളാണ് പ്രധാനമായി വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടത്. തിങ്കളാഴ്ച 3,638 കോടിയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞത്.
രൂപ ഇടിഞ്ഞത് അടക്കമുള്ള ഘടകങ്ങളും വിപണിയെ സ്വാധീനിച്ചു. ഡോളറിനെതിരെ അഞ്ചു പൈസയുടെ നഷ്ടത്തോടെ 90.22 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിച്ചതും എണ്ണവില ഉയര്‍ന്നതുമാണ് വിപണിയെ സ്വാധീനിച്ചത്. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 25 ശതമാനം താരിഫ് ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിയും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. ഇത് ഇറാനുമായി വ്യാപാരം നടത്തുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ ബാധിച്ചേക്കും. ജിയോ ഫിനാന്‍ഷ്യല്‍, സിപ്ല, ഡോ റെഡ്ഡീസ് ലാബ്, ട്രെന്റ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.



Be the first to comment