മുംബൈ: ഡോളറിനെതിരെ രൂപ റെക്കോര്‍ഡ് താഴ്ചയില്‍. ഇന്ന് രാവിലെ വ്യാപാരത്തിന്റെ തുടക്കത്തില്‍ 9 പൈസയുടെ നഷ്ടം നേരിട്ടതോടെ 90.87ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 90.87 രൂപ നല്‍കണം. ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ഇന്ത്യ- അമേരിക്ക വ്യാപാര കരാറില്‍ തീരുമാനമാകാത്തതുമാണ് രൂപയെ സ്വാധീനിക്കുന്നത്.
എന്നാല്‍ എണ്ണവില കുറഞ്ഞതും ഡോളര്‍ ദുര്‍ബലമായതും രൂപയുടെ മൂല്യം വീണ്ടും താഴേക്ക് പോകുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്തി. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 60.19 എന്ന നിലയിലേക്കാണ് താഴ്ന്നത്. അതേസമയം ഓഹരി വിപണിയും നഷ്ടത്തിലാണ്. ബിഎസ്ഇ സെന്‍സെക്സ് 500 പോയിന്റ് ആണ് താഴ്ന്നത്. നിലവില്‍ 85,000ല്‍ താഴെയാണ് സെന്‍സെക്സില്‍ വ്യാപാരം നടക്കുന്നത്.
നിഫ്റ്റി സൈക്കോളജിക്കല്‍ ലെവലായ 26,000ല്‍ താഴെയാണ്. രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയത് അടക്കമുള്ള വിഷയങ്ങളാണ് ഓഹരി വിപണിയെ സ്വാധീനിക്കുന്നത്. വിദേശനിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിക്കുന്നതാണ് വിപണിയെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാന ഘടകം. തിങ്കളാഴ്ച 1486 കോടിയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചത്.



Be the first to comment