
മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം. 200 പോയിന്റ് നഷ്ടത്തോടെ 81,500ല്‍ താഴെയാണ് സെന്‍സെക്‌സില്‍ വ്യാപാരം തുടരുന്നത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. നിഫ്റ്റി 24800ല്‍ താഴെയാണ്.
ഇന്നലെ സെന്‍സെക്‌സ് 600ലധികം പോയിന്റ് താഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. ലാഭമെടുപ്പാണ് ഇന്നലെ വിപണിക്ക് വിനയായത്. ഇന്ന് പ്രധാനമായി എഫ്എംസിജി സെക്ടറാണ് ഏറ്റവുമധികം നഷ്ടം രേഖപ്പെടുത്തുന്നത്. 1.22 ശതമാനത്തിന്റെ ഇടിവാണ് എഫ്എംസിജി സെക്ടറില്‍ ഉണ്ടായത്. നിഫ്റ്റി മെറ്റല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ഓഹരികളും നഷ്ടം നേരിട്ടു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത ഇടിവ് നേരിട്ട ഐടി സെക്ടര്‍ ഇന്ന് മുന്നേറി. 0.5 ശതമാനത്തിന്റെ മുന്നേറ്റമാണ് കാഴ്ചവെച്ചത്.
ഐടിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. അതേസമയം ജിയോ ഫിനാന്‍ഷ്യല്‍, അദാനി പോര്‍ട്‌സ്, ഭാരതി എയര്‍ടെല്‍ ഓഹരികള്‍ നേട്ടം ഉണ്ടാക്കി. അതിനിടെ ഡോളറിനെതിരെ രൂപയും ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 23 പൈസയുടെ നഷ്ടത്തോടെ 85.63 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്.
ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും അസംസ്‌കൃത എണ്ണവില ഉയരുന്നതും ഓഹരി വിപണിയില്‍ നിന്ന് വിദേശനിക്ഷേപകര്‍ പണം പിന്‍വലിക്കുന്നതുമാണ് രൂപയുടെ നഷ്ടത്തിന് കാരണം. ഇന്നലെ രൂപ 30 പൈസയുടെ നഷ്ടത്തോടെ 85.40ലാണ് ക്ലോസ് ചെയ്തത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 65 ഡോളറിലേക്ക് അടുക്കുകയാണ്.
Be the first to comment