മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വര്‍ധന. ഒരിടവേളയ്ക്ക് ശേഷം മൂല്യം ഉയര്‍ന്ന് രൂപ 90ല്‍ താഴെയെത്തി. വ്യാപാരത്തിന്റെ തുടക്കത്തില്‍ 26 പൈസയുടെ നേട്ടം രേഖപ്പെടുത്തിയതോടെയാണ് ഒരു ഡോളറിന് 90 എന്ന നിലവാരത്തിലും താഴെയെത്തിയത്. നിലവില്‍ ഒരു ഡോളറിന് 89.92 എന്ന നിലയിലാണ് രൂപയുടെ മൂല്യം. ഡോളര്‍ ദുര്‍ബലമായതും രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറഞ്ഞതുമാണ് രൂപയൂടെ മൂല്യത്തില്‍ പ്രതിഫലിച്ചത്.
നാലുദിവസത്തെ നഷ്ടത്തിന് ശേഷം 12 പൈസയുടെ നേട്ടത്തോടെയാണ് ഇന്നലെ രൂപ ക്ലോസ് ചെയ്തത്. ഇത് ഇന്നും തുടരുന്ന കാഴ്ചയാണ് ദൃശ്യമായത്. ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ താരിഫ് ഉയര്‍ത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി നിലനില്‍ക്കുമ്പോഴാണ് രൂപയുടെ മുന്നേറ്റം എന്നത് ശ്രദ്ധേയമായി. രാജ്യാന്തര വിപണിയില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 60.06 ഡോളര്‍ എന്ന നിലയിലേക്കാണ് താഴ്ന്നത്.
അതിനിടെ ഓഹരി വിപണി നഷ്ടത്തിലാണ്. ചൊവ്വാഴ്ച നഷ്ടത്തോടെയാണ് ഓഹരി വിപണി ക്ലോസ് ചെയ്തത്. ഇത് ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തിലും തുടരുന്നതാണ് കണ്ടത്. ബിഎസ്ഇ സെന്‍സെക്‌സ് 200 പോയിന്റ് ആണ് താഴ്ന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ തീരുവ കൂട്ടുമെന്ന അമേരിക്കയുടെ ഭീഷണിയും വിപണിയെ സ്വാധീനിക്കുന്നുണ്ട്. ഏഷ്യന്‍ വിപണി ദുര്‍ബലമായതും ഇന്ത്യന്‍ വിപണിയെ ബാധിച്ചു. സിപ്ല, ടിഎംപിവി, മാരുതി സുസുക്കി, എച്ച്ഡിഎഫ്‌സി ബാങ്ക്, ട്രെന്റ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. ടൈറ്റന്‍ കമ്പനി, വിപ്രോ, ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, എച്ച്‌സിഎല്‍ ടെക് ഓഹരികളാണ് നേട്ടം ഉണ്ടാക്കുന്നത്.



Be the first to comment