ശക്തമായി തിരിച്ചുകയറി രൂപ; 97 പൈസയുടെ നേട്ടം, കാരണമിത്?

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ചാഞ്ചാട്ടം. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 12 പൈസയുടെ ഇടിവ് നേരിട്ടതോടെ റെക്കോര്‍ഡ് താഴ്ചയിലേക്ക് രൂപ കൂപ്പുകുത്തിയിരുന്നു. എന്നാല്‍ മിനിറ്റുകള്‍ക്കകം 97 പൈസയുടെ നേട്ടത്തോടെ രൂപ ശക്തമായി തിരിച്ചുവരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 90ല്‍ താഴേക്ക് നില മെച്ചപ്പെടുത്തിയ രൂപ നിലവില്‍ 90.18 എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ഇടിഞ്ഞതാണ് പ്രധാനമായി രൂപയ്ക്ക് തിരിച്ചുവരാന്‍ കരുത്തുപകര്‍ന്നത്. എന്നാല്‍ അമേരിക്ക- ഇന്ത്യ വ്യാപാര കരാറിലെ അനിശ്ചിതത്വം, ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് തുടങ്ങിയ വിഷയങ്ങള്‍ രൂപയെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്നുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം എണ്ണവില ബാരലിന് 60 ഡോളറില്‍ താഴെയെത്തിയതാണ് രൂപ തിരിച്ചുവരാന്‍ സഹായകമായത്. ഇന്നലെ 90.93 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്.

അതിനിടെ ഓഹരി വിപണി ഇന്നും ഇടിവിലാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് നൂറിലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*