മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ നേരിയ വർധനവ്. ശക്തമായ തിരിച്ചുവരവിന് സാധ്യതയെന്ന് സാമ്പത്തിക വിദഗ്‌ധർ. ഇന്ത്യൻ കറൻസി യുഎസ് ഡോളറിനെതിരെ 90.35 എന്ന നിലയിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്.
പ്രാരംഭ വ്യാപാരത്തിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 90.32ൽ എത്തി. ശേഷം അമേരിക്കൻ കറൻസിക്കെതിരെ അൽപം ഉയർന്ന് 90.38ൽ എത്തുകയായിരുന്നു. കഴിഞ്ഞ ദിവസം എക്കാലത്തെയും താഴ്ന്ന നിലവാരത്തിൽ നിന്ന് 55 പൈസ ഉയർന്ന് ഗ്രീൻബാക്കിനെതിരെ 90.38 ൽ ക്ലോസ് ചെയ്‌തിരുന്നു.
“ബുധനാഴ്‌ച ആർബിഐക്ക് വേണ്ടി പൊതുമേഖലാ ബാങ്കുകളാണ് ഡോളർ വിറ്റഴിച്ചത്. വ്യാഴാഴ്‌ച 90 മുതൽ 91.00 വരെയുള്ള ശ്രേണി ഞങ്ങൾ പ്രതീക്ഷിക്കുന്നു” – ഫിൻറെക്‌സ് ട്രഷറി അഡ്വൈസേഴ്‌സ് എൽഎൽപി മേധാവിയും എക്‌സിക്യൂട്ടീവ് ഡയറക്‌ടറുമായ അനിൽ കുമാർ ബൻസാലി പറഞ്ഞു.
അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യന്‍ രൂപയ്‌ക്ക് തിരിച്ച് വരവെന്ന് എസ്‌ബിഐ
ഇന്ത്യന്‍ രൂപ അടുത്ത സാമ്പത്തിക വർഷത്തിൽ തിരിച്ചുവരാൻ സാധ്യതയുണ്ടെന്ന് എസ്‌ബിഐയുടെ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) റിപ്പോർട്ട്. 2026 ഒക്ടോബർ മുതൽ 2027 മാർച്ച് വരെ ഇന്ത്യന്‍ രൂപ ശക്തമായി തിരിച്ചുവരാനുള്ള സാധ്യതയാണ് എസ്‌ബിഐ ചൂണ്ടിക്കാട്ടുന്നത്.
മുൻകാല ദിവസങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയാണ്. എന്നാൽ കാലക്രമേണ ഈ പ്രവണത വിപരീതമാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും എസ്‌ബിഐ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രൂപയുടെ മുൻകാല ചലനങ്ങളെ ശക്തമായ വിദേശ പോർട്ട്‌ഫോളിയോ ഇൻഫ്ലോകൾ (വിദേശികൾ ഓഹരികൾ, ബോണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ) വലിയതോതിൽ സ്വാധീനിച്ചുണ്ടായിരുന്നു.
എന്നിരുന്നാലും ആ വർഷങ്ങളിൽ ഉണ്ടായിരുന്നത്ര വിദേശനിക്ഷേപം ഇപ്പോൾ ലഭ്യമല്ലാത്തതാണ് രൂപയുടെ തകർച്ചയുടെ പ്രധാന കാരണമെന്നാണ് വിലയിരുത്തുന്നത്. ഭൂമിശാസ്ത്രപരമായ അനിശ്ചിതത്വങ്ങൾ, വ്യാപാര ഇടപാടുകളിലെ കാലതാമസം എന്നിവയും രൂപയെ ബാധിക്കുന്ന മറ്റ് ഘടകങ്ങളാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഈ വെല്ലുവിളികളെ ഇന്ത്യയുടെ വ്യാപാര ഡാറ്റ ശക്തമായി നേരിട്ടുവെന്നും എസ്‌ബിഐയുടെ റിപ്പോർട്ടിൽ പറയുന്നു. ദീർഘകാല ആഗോള അനിശ്ചിതത്വം, തൊഴിൽ വിതരണ ആഘാതങ്ങൾ എന്നിവ വലിയ തടസങ്ങളില്ലാതെ രാജ്യത്തിന് കൈകാര്യം ചെയ്യാൻ കഴിഞ്ഞുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
കാലക്രമേണ രൂപയുടെ ചലനത്തെ മൂന്ന് വ്യത്യസ്‌ത ഘട്ടങ്ങളായി തിരിക്കാം എന്നും റിപ്പോർട്ടിൽ പറയുന്നു. 2008 ജനുവരി മുതൽ 2014 മെയ് വരെയുള്ള ആദ്യ ഘട്ടത്തിൽ, ഡോളറിൻ്റെ മൂല്യം വർധിച്ചതിനേക്കാൾ വളരെയധികം രൂപയുടെ മൂല്യം കുറഞ്ഞു. ഈ കാലയളവിൽ, ഡോളറിന് ശരാശരി 1.7 ശതമാനം വില വർധിച്ചപ്പോൾ, രൂപയുടെ മൂല്യം ശരാശരി 16.3 ശതമാനം ഇടിഞ്ഞു. ഇത് ദുർബലമായ ആഭ്യന്തര അടിസ്ഥാന ഘടകങ്ങളെ പ്രതിഫലിപ്പിച്ചു.
2014 മെയ് മുതൽ 2021 മാർച്ച് വരെയുള്ള രണ്ടാം ഘട്ടത്തിൽ, രൂപ ഡോളറിൻ്റെ മൂല്യവുമായി പൊരുത്തപ്പെട്ടു. രൂപയുടെ മൂല്യം ശരാശരി 7.9 ശതമാനം കുറഞ്ഞപ്പോൾ, ഡോളർ മൂല്യം 5.1 ശതമാനം വർധിച്ചു. 2024 സെപ്റ്റംബർ മുതൽ ഇന്നുവരെയുള്ള മൂന്നാം ഘട്ടത്തിൽ, രൂപയും ഡോളറും ഒരേ സമയം മൂല്യത്തകർച്ച നേരിടുന്നു. ഇന്ന് രൂപയുടെ മൂല്യം 90.41ൽ തുടരുന്നു.
നിലവിൽ രൂപ മൂല്യത്തകർച്ചയുടെ വക്കിൽ തുടരുന്നുണ്ടെങ്കിലും, ഈ ഘട്ടത്തിൽ നിന്ന് പുറത്തുകടക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് വിശദീകരിച്ചു. ആഗോള അനിശ്ചിതത്വങ്ങൾ ലഘൂകരിച്ചുകഴിഞ്ഞാൽ, അടുത്ത സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പകുതിയിൽ രൂപ ശക്തമായി തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എസ്‌ബിഐ റിപ്പോർട്ട് പറയുന്നു.



Be the first to comment