
റഷ്യന്‍ എണ്ണ വാങ്ങുന്നുവെന്ന പേരില്‍ അമേരിക്ക ഇന്ത്യയ്ക്കുമേല്‍ അമിത താരിഫ് ഭാരം ഏര്‍പ്പെടുത്തിയത് അമേരിക്കയെ തന്നെ തിരിഞ്ഞുകൊത്തുമെന്ന് വിലയിരുത്തല്‍. റഷ്യ എണ്ണ വില കുറയ്ക്കുക കൂടി ചെയ്തതോടെ അത് ഇന്ത്യയ്ക്ക് വന്‍ നേട്ടമാകുമെന്നും ട്രംപിന് ഇത് വന്‍തിരിച്ചടിയാകുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നു.
യുഎസ് താരിഫ് പ്രാബല്യത്തില്‍ വന്നതിന് തൊട്ടുപിന്നാലെ, ഓഗസ്റ്റ് 27 നും സെപ്റ്റംബര്‍ 1 നും ഇടയില്‍ ഇന്ത്യയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും സ്വകാര്യമേഖലയിലുള്ളതുമായ റിഫൈനറികള്‍ 11.4 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണയാണ് വാങ്ങിയിട്ടുള്ളത്.
സെപ്റ്റംബറിന് ശേഷം റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ 10 ശതമാനം മുതല്‍ 20 ശതമാനം വരെ വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യന്‍ റിഫൈനറികള്‍ പദ്ധതിയിടുന്നതായി കമ്പനികള്‍ നിന്ന് വിവരം ലഭിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത് 150000 മുതല്‍ 300000 ബാരല്‍ എണ്ണ ഒരു ദിവസം വാങ്ങാനാണ് കമ്പനികള്‍ ഒരുങ്ങുന്നത്.
2022ന് മുന്‍പ് റഷ്യന്‍ എണ്ണയുടെ ഇറക്കുമതി ഒരു ശതമാനത്തില്‍ താഴെ മാത്രമായിരുന്നെങ്കില്‍ 2022ന് ശേഷം ഇറക്കുമതി കുതിച്ചുയരുകയും അത് 40 ശതമാനത്തോളമായി ഉയരുകയും ചെയ്തിരുന്നു. എണ്ണവില കുറച്ചുനല്‍കിയതിനാല്‍ 2022 ഏപ്രില്‍ മുതല്‍ 2025 ജൂണ്‍ വരെ ഇന്ത്യന്‍ റിഫൈനറികള്‍ക്ക് 17 ബില്യണ്‍ ഡോളര്‍ ലാഭമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. റഷ്യന്‍ എണ്ണവില കുറയുകയും വ്യാപാരം കൂടുതയും ചെയ്യുന്നതോടെ ഇന്ത്യയ്ക്ക് നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
Be the first to comment